Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി ഗ്രാമത്തിലെ കയ്യേറ്റം ഒഴിപ്പിച്ചുവെന്ന് വ്യാജ റിപ്പോർട്ട്; സ്പെഷല്‍ തഹസില്‍ദാർക്ക് സസ്പെൻഷൻ

Munnar_Town_

തൊടുപുഴ ∙ മൂന്നാറിലെ സിപിഎം പാർട്ടി ഗ്രാമത്തിലെ കയ്യേറ്റമൊഴിപ്പിച്ചതായി വ്യാജ റിപ്പോർട്ട് നൽകിയ സ്പെഷ്യൽ തഹസിൽദാർക്ക് സസ്പെൻഷൻ. ദേവികുളം സ്പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫിനെയാണ് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ സസ്പെൻഡു ചെയ്തത്. ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണു നടപടി. പാര്‍ട്ടി ഗ്രാമത്തിലെ കെട്ടിടം പൊളിക്കാതെ,  കെട്ടിടം പൊളിച്ചുനീക്കിയെന്നും ഭൂമി തിരിച്ചുപിടിച്ചെന്നുമാണ് സ്പെഷൽ തഹസിൽദാർ റിപ്പോർട്ട് നൽകിയത്. ഇതില്‍ സംശയം തോന്നിയ ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാര്‍ നേരിട്ട് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.

മൂന്നാർ ടൗണിൽ സർക്കാർ ഭൂമി കയ്യേറി നിർമിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ഒന്നാം തീയതിയാണ് സബ് കലക്ടർ വി.ആർ. പ്രേംകുാർ ഉത്തരവിട്ടത്. പാർട്ടി ഗ്രാമത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയുടെ വീടിന് സമീപമുള്ള ഭൂമി ഗൂഡാർവിള സ്വദേശിനി ആയമ്മയാണ് കയ്യേറിയത്. സ്പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫും ഭൂസംരക്ഷണ സേന പ്രവർത്തകരും കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയതോടെ സിപിഎം നേതാക്കൾ തടഞ്ഞു. ഇതോടെ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിച്ച് റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി. എന്നാൽ കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയെന്നും ഭൂമി തിരിച്ച്പിടിച്ചെന്നുമാണ് സ്പെഷ്യൽ തഹസിൽദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. 

സംശയം തോന്നിയ സബ് കലക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തിൽ കയ്യേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കയ്യേറ്റകാർക്ക് അനുകൂലമായി നിലപാടെടുത്ത തഹസിൽദാർക്കെതിരെ നടപടി ശുപാർശ ചെയ്ത് ജില്ലാ കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകി. കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേകമായി നിയമിച്ച ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു.