Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ ഉന്നമനത്തിന് കുടുംബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍

kudumbasree-28

തിരുവനന്തപുരം ∙ സമൂഹത്തില്‍ തന്‍റേതായ ഇടം സൃഷ്ടിക്കുന്നതിനു സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബ്ലോക്ക് തലത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ (ജിആര്‍സി) തുടങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ജിആർസിയുടെ പ്രവർത്തനം. ജില്ലകള്‍ തോറും ബ്ലോക്ക് തലത്തില്‍ അഞ്ചു വീതം മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളാണു തുടങ്ങുക. അതാതു പ്രദേശങ്ങളിലെ വാര്‍ഡ് മെമ്പറും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ട സമിതിയുടെ സഹായം ഇതിനുണ്ടാകും.

സ്ത്രീകളുടെയും കുട്ടികളുടെയും സേവന വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്‍ററായും ജിആർസി പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പഴ്സണ്‍മാര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കും. സമൂഹത്തില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമാവശ്യമായ കൗണ്‍സിലിങ്, പ്രീമാരിറ്റല്‍ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്ന സ്ഥിരം സംവിധാനം എന്ന നിലയ്ക്കായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

അയല്‍ക്കൂട്ട വനിതകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളുടെയും കഴിവും നേതൃത്വശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ജെന്‍ഡര്‍ അവബോധന പ്രവര്‍ത്തനങ്ങൾ സംഘടിപ്പിക്കും. അയല്‍ക്കൂട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും നിലവില്‍ കുടുംബശ്രീ നടപ്പാക്കി വരുന്ന പദ്ധതികളുമായി ബന്ധപ്പെടുത്തി തൊഴില്‍ പരിശീലനം ലഭ്യമാക്കാനും ഉദ്ദേശിക്കുന്നതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

related stories