Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ദിനകരൻ; തന്ത്രങ്ങൾ മെനഞ്ഞ് എടപ്പാടി പക്ഷം

TTV Dinakaran

ചെന്നൈ∙ പാർട്ടി പിടിക്കാനൊരുങ്ങി ടി.ടി.വി. ദിനകരന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ അണ്ണാ ഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷമായി. ദിനകരന്‍റെ തീരുമാനത്തെ എതിര്‍ത്ത് എടപ്പാടി വിഭാഗം രംഗത്തെത്തി. മൂന്ന് എംഎല്‍എമാര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ഭാരവാഹിത്വം വേണ്ടെന്നുവച്ചു. സംസ്ഥാന യാത്ര നടത്താനൊരുങ്ങുന്ന ദിനകരൻ അതു കഴിയുമ്പോഴേക്കും പാർട്ടിയിൽ കൂടുതല്‍ ശക്തനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ, മന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലേക്കു പാര്‍ട്ടി പൂര്‍ണമായും വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതു തടയാന്‍ എടപ്പാടി വിഭാഗം വലിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടിവരും.

ശശികലയുടെ അംഗീകാരത്തോടെ കഴിഞ്ഞദിവസമാണ് അണ്ണ ഡിഎംകെ അമ്മയുടെ പുതിയ 64 ഭാരവാഹികളെക്കൂടി ദിനകരന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും എടപ്പാടി പളനിസ്വാമിയാണു നയിക്കുക എന്ന മന്ത്രി ഡി. ജയകുമാറിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ദിനകരന്‍റെ നീക്കം. എന്നാല്‍, പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള ദിനകരന്‍റെ ശ്രമം എടപ്പാടി വിഭാഗത്തെ ആശങ്കയിലാക്കി. പരസ്യ പ്രതികരണം എടപ്പാടി നടത്തിയില്ലെങ്കിലും വിശ്വസ്തനായ ജയകുമാര്‍, ദിനകരന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനവും ദിനകരന്‍റെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ എങ്ങനെയാണു മറ്റു ഭാരവാഹികളെ പ്രഖ്യാപിക്കുക എന്നു ജയകുമാര്‍ ചോദിച്ചു.

എംഎല്‍എമാരായ കെ.പളനി, സത്യ പനീര്‍സെല്‍വം, എ.കെ. ബോസ് എന്നിവര്‍ ദിനകരന്‍ നല്‍കിയ പാര്‍ട്ടി ചുമതല ഏറ്റെടുക്കില്ല. രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ചും തര്‍ക്കം ഉടലെടുത്തു.

അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിനു നേരെ കയ്യേറ്റശ്രമം. കത്തിയുമായെത്തിയ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.