Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി അക്രമം കാട്ടിയത് കോഴയിൽനിന്നു ശ്രദ്ധതിരിക്കാൻ: നിയമസഭയിൽ മുഖ്യമന്ത്രി

Kerala Assembly

തിരുവനന്തപുരം∙ മെഡിക്കൽ കോഴ വിവാദത്തിൽനിന്നു ശ്രദ്ധതിരിക്കാൻ ബിജെപി ആക്രമണം നടത്തുമെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കരുതൽ നടപടി സ്വീകരിച്ചിരുന്നു. ബിജെപിക്കെതിരെ സംസ്ഥാനത്തു വലിയ തോതിലുള്ള ആക്ഷേപം ഉയർന്നുവന്നപ്പോൾ ഈ ശ്രദ്ധ തിരിച്ചുവിടുന്നതിനു പാർട്ടി ചില തെറ്റായ നടപടികൾ സ്വീകരിക്കാനിടയുണ്ടെന്നായിരുന്നു ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം, ആവശ്യമെങ്കിൽ മെഡിക്കൽ കോഴ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. അഴിമതി അതീവ ഗൗരവതരമാണ്. പാർട്ടി നിർദേശിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടും വിജിലൻസിന്റെ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽവരും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയുന്നതല്ല. അന്വേഷണം ഗൗരവമായി നടന്നുവരുന്നു. മറ്റ് ഏജൻസികൾ അന്വേഷിക്കണോയെന്നു പിന്നീടു തീരുമാനിക്കും. അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി ബിജെപിക്കെതിരെ നിരവധി ശക്തമായ വിമർശനങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്.

ബിജെപി – സിപിഎം സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണു നിയമസഭ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യം വിളികളോടെയുമാണു പ്രതിപക്ഷം സഭയിൽ വിഷയം ഉന്നയിച്ചത്. പിന്നീടു ചോദ്യോത്തര വേളയിൽ മുസ്‌ലിം ലീഗ് അംഗങ്ങളാണ് മെഡിക്കൽ കോഴ വിഷയം ഉന്നയിച്ചത്.

അതിനൊപ്പം, പല ബിജെപി നേതാക്കൾക്കും കഴിഞ്ഞ കുറച്ചുകാലങ്ങളായി അവിശ്വസനീയമായ സാമ്പത്തിക വളർച്ചയുണ്ടായിട്ടുണ്ടെന്ന് എം. സ്വരാജ് ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനു മറുപടിയായി ദേശീയ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തുമെന്ന കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ബിജെപിക്കെതിരെ ഉയർന്ന ആരോപണത്തെ ഭരണ – പ്രതിപക്ഷാംഗങ്ങൾ എല്ലാവരും ഒരുമിച്ചുനിന്നാണു സഭയിൽ ഉന്നയിച്ചത്.

പിന്നീട്, രാഷ്ട്രീയ അക്രമം തടയാന്‍ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ലെന്ന് ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ആരോപണം അടിസ്ഥാനരഹിതമെന്ന് കെ. മുരളീധരന്റെ അടിയന്തര പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി. രാജ്യത്തു മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും അല്ലെങ്കില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്നു മുഖ്യമന്ത്രി പറയണമായിരുന്നു. ഗവര്‍ണറുടെ മുന്നിലെ മുഖ്യമന്ത്രിയുടെ ഇരിപ്പ് കേരളത്തിന് അപമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും മല്‍സരിച്ചു കൊല്ലുകയാണെന്നു കെ. മുരളീധരന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുണ്ടായ 18 രാഷ്ട്രീയ കൊലപാതങ്ങളില്‍ 17 എണ്ണത്തിലും ബിജെപിയും സിപിഎമ്മും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

related stories