Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എല്ലാവരും കാണാൻ’ ദേശീയ ദിനപത്രങ്ങളിൽ കേരള സര്‍ക്കാരിന്‍റെ പരസ്യം

pinarayi-vijayan-ad-delhi സംസ്ഥാന സർക്കാർ ദേശീയ ദിനപത്രങ്ങളുടെ ഡൽഹി എഡിഷനിൽ നൽകിയ പരസ്യത്തിൽനിന്ന്.

തിരുവനന്തപുരം∙ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പത്രപരസ്യം. വികസനത്തിലും ക്രമസമാധാനപാലനത്തിലും കേരളം മുന്‍നിരയിലാണെന്ന പ്രചാരണവുമായി ഇംഗ്ലിഷ് ദിനപ്പത്രങ്ങളുടെ ദേശീയ എഡിഷനുകളിലാണു പരസ്യം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്താണു പരസ്യം നൽകിയിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബിജെപി ദേശീയതലത്തില്‍ സജീവ ചര്‍ച്ചയാക്കുകയും ഇംഗ്ലീഷ് മാധ്യമങ്ങള്‍ വലിയ പ്രധാന്യം നല്‍കുകയും ചെയ്തതോടെയാണു വിമര്‍ശനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പത്രപ്പരസ്യത്തിലൂടെ മറുപടി നല്‍കുന്നത്. കേരളം ഒന്നാം നമ്പർ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പ്രതികരണവും സഹിതമാണു മുഴുപേജ് പരസ്യം.

അക്രമസംഭവങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഏറ്റവും കുറവു നടന്നിട്ടുള്ള സംസ്ഥാനം, പൊതുഭരണ സൂചിക അനുസരിച്ചു മികച്ച ഭരണമുള്ള സംസ്ഥാനം, കുറഞ്ഞ അഴിമതി, സമ്പൂര്‍ണ സാക്ഷരത, ശിശു മരണ നിരക്ക് കുറഞ്ഞത്, ആരോഗ്യരംഗത്തെയും പരിസ്ഥിതി സംരക്ഷണത്തിലെയും മുന്നേറ്റങ്ങള്‍ എന്നിവ വിവിധ സര്‍വേകളെ മുന്‍നിര്‍ത്തി അക്കമിട്ടു നിരത്തിയിരിക്കുന്നു.

വളര്‍ച്ചയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും കൊച്ചി മറികടക്കുന്നവെന്ന എഡിപി റിപ്പോര്‍ട്ടും പരസ്യത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തില്‍ പിണറായി സര്‍ക്കാരിനെയും കേരള പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടു കമല്‍ ഹാസന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ശ്രീ എം എന്നിവരുടെ വാക്കുകളുമുണ്ട്. നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്താണു പരസ്യം അവസാനിക്കുന്നത്.

related stories