Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിൽ ജ്വലിക്കുന്നു, സ്വാതന്ത്ര്യത്തിന്റെ ആദ്യ കാഹളം

Jawaharlal Nehru and Mahatma Gandhi

ക്വിറ്റ് ഇന്ത്യ സമരത്തിന് ഇന്ന് 75–ാം വാർഷികം. 1942ൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന് ഓടിക്കാൻ സമരം ആരംഭിച്ചു. സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടി അടിയുറച്ച നിസഹകരണ സമരത്തിനാണു ഗാന്ധിജിയുടെ നേതൃത്വത്തിൽ തുടക്കമായത്. തടവില‍ടച്ചിട്ടും കോൺഗ്രസിനെ നിരോധിച്ചിട്ടും ആ സമരാഹ്വാനം മാത്രം തണുത്തില്ല. തൊഴിലാളികൾ തൊഴിലിടങ്ങൾ ബഹിഷ്കരിച്ചു. സമരത്തിന് ആഹ്വാനം ചെയ്തു. ക്വിറ്റ് ഇന്ത്യ സമരം ശക്തിപ്പെട്ടതോടെ ബ്രിട്ടീഷുകാർ ഭയപ്പെട്ടു. രാജ്യമെമ്പാടും അറസ്റ്റുകൾ നടന്നു. ഒട്ടേറെപ്പേർ ജീവൻ വെടിഞ്ഞു. മാതംഗിനി ഹസ്റയെന്ന ധീരവനിത അവരിലൊരാളാണ്. ഓർമിക്കാം മാതംഗിനി ഹസ്നയെന്ന ധീരവനിതയെയും പ്രശസ്തമായ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് യൂസഫ് മെഹ്റലിയെയും.

മാതംഗിനി ഹസ്റ

എഴുപത്തിയൊന്നാം വയസിൽ വെടിയേറ്റ് മരിച്ച മാതംഗിനി ഹസ്റ എന്ന ധീരവനിത ക്വിറ്റ് ഇന്ത്യാ സമരചരിത്രത്തിലെ തിളങ്ങുന്ന ഒാർമ്മയാണ്. ബംഗാളിലെ മിഡ്നാപൂരിനു സമീപമുള്ള ഹൂഗ്ളാ സ്വദേശിയായ മാംതംഗിനി ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ടു സ്വാതന്ത്രപോരാട്ടങ്ങളിൽ പങ്കുകൊണ്ടു. ഉപ്പു സത്യാഗ്രത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചു. ചൗക്കിദാരി നികുതിക്കെതിരായുള്ള സമരത്തിൽ ആറു മാസം തടവുശിക്ഷയും അനുഭവിച്ചു. ഖാദിപ്രചരണത്തിനും വനിതകളുടെയും കുട്ടികളുടെയും ക്ഷേമപരിപാടികൾക്കും സജീവ നേതൃത്വം നൽകി.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി 1942 സെപ്റ്റംബർ 29–നു മിഡ്നാപൂരിലെ താംലൂക്ക് പൊലീസ് സ്റ്റേഷനിലേക്കു ഭൂരിപക്ഷം സ്ത്രീകളടങ്ങിയ വൻ മാർച്ചിനു നേതൃത്വം നൽകുകയായിരുന്ന മാതംഗിനിക്കു നേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റിട്ടും ജനങ്ങളെ വെടിവെയ്ക്കരുതെന്ന അഭ്യർഥനയുമായി വീണ്ടു മുന്നോട്ടു നീങ്ങിയ ആ വയോധികയുടെ ശരീരത്തിൽ വീണ്ടും വെടിയുണ്ടകൾ തുളഞ്ഞു കയറി. വന്ദേമാതരം ചൊല്ലിക്കൊണ്ടു കൈയ്യിൽ ത്രിവർണപതാകയുമായി ആ വീരനാംഗ ജീവൻ വെടിഞ്ഞു. ബംഗാളിൽ ഗാന്ധി ബുരി (ഗാന്ധിമുത്തശ്ശി) എന്നാണ് മാതംഗിനി ഹസ്റ അറിയപ്പെട്ടിരുന്നത്.

യൂസഫ് മെഹ്‌റലി എന്ന വിപ്ളവജ്വാല

സ്വാതന്ത്ര്യസമര ചരിത്രത്തിൽ കൊടുങ്കാറ്റായി വീശിയ ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞതാവ് യൂസഫ് മെഹ്‌റലി എന്ന ദേശാഭിമാനിയാണ്. സൈമൺ കമ്മീഷനെതിരെ ‘സൈമൺ ഗോ ബാക്ക്’ എന്ന മുദ്രാവാക്യവും ആദ്യമായി മുഴക്കിയ മെഹ്‌റലിയുടെ ജീവിതം ആദർശോജ്വലമാണ്. ഒപ്പം സാഹസികതയുടെ ഏടുകൾ നിറഞ്ഞതും. ഗുജറാത്തിൽനിന്നു ബോംബെയിൽ കുടിയേറിപ്പാർത്ത ഒരു കുടുംബത്തിൽ 1903 സെപ്റ്റംബർ 23-നാണ് യൂസഫ് മെഹ്‌റലി ജനിച്ചത്. യുവാവായിരിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനത്തിൽ ആകൃഷ്ടനായി. നിയമബിരുദം നേടിയെങ്കിലും രാഷ്ട്രീയപ്രവർത്തനം കാരണം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുളള സന്നത് അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.

സോഷ്യലിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദർശങ്ങളുടെ അടിത്തറ. സോഷ്യലിസത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തേക്കാൾ സർഗാത്മകവശങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് മികച്ച എഴുത്തുകാരൻ കൂടിയായിരുന്ന അദ്ദേഹം കുറിച്ചിട്ടുണ്ട്. യുവാക്കളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാന ശക്തി. ബോംബെ യൂത്ത് ലീഗ് എന്ന സംഘടനയ്ക്ക് അദ്ദേഹം അടിത്തറ പാകി. സൈമൺ കമ്മീഷൻ 1928 ഫെബ്രുവരി 3-ാം തീയതി ബോബെയിലെത്തിയപ്പോൾ ബോംബെ യൂത്ത് ലീഗ് അവരെ നേരിട്ടു. ‘സൈമൺ ഗോബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കിയ സാഹസിക സംഘത്തിന്റെ നേതാവ് മെഹ്‌റലിയായിരുന്നു. തുടർന്ന് നടന്ന ലാത്തിചാർജിൽ മെഹ്‌റലിയെ പൊലീസ് തിരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചു.

യുവാക്കളിൽ അച്ചടക്കവും സേവനസന്നദ്ധതയും സൃഷ്ടിക്കുന്നതിന് 1929-ൽ അദ്ദേഹം നാഷണൽ മിലിഷ്യ (National Militia) എന്ന സംഘടന രൂപികരിച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും സമുദായമൈത്രിക്കും മുൻഗണന നൽകി പ്രവർത്തിച്ച സംഘടനയായിരുന്നു നാഷണൽ മിലിഷ്യ .1938–ൽ ന്യൂയോർക്കിൽ നടന്ന അഖിലലോക യുവജന സമ്മേളനത്തിൽ യൂസഫ് മെഹ്‌റലി പ്രതിനിധിയായിരുന്നു.

ജയപ്രകാശ് നാരായണൻ, അച്യുത് പട്വർദ്ധൻ , റാംമനോഹർ ലോഹ്യ തുടങ്ങിവരോടൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിലും മെഹ്റലി സജീവപങ്കു വഹിച്ചു. സംഘടനയുടെ രൂപികരണത്തിന് ശേഷം രാജ്യമെങ്ങും സഞ്ചരിച്ച് സോഷ്യലിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും യത്നിച്ചു. ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കപ്പെടും മുമ്പ് തന്നെ, ഇന്ത്യയിലെ വൈദേശികാധിപത്യം അവസാനിപ്പിക്കാൻ ജയിൽ നിറച്ചതു കൊണ്ട് മാത്രം പോരാ, രൂക്ഷസമരം തന്നെ വേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ലാഹോർ തടവുശിക്ഷ അനുഭവിക്കുന്നതിനിടയിൽ , 1942–ൽ അദ്ദേഹം ബോംബെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു അന്നുവരെ മേയറായിരുന്നതിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു മുപ്പത്തിയൊമ്പതുകാരനായിരുന്ന മെഹ്റലി .തുടർന്ന് ജയിൽ മോചിതനായ അദ്ദേഹം ചരിതപ്രസിദ്ധമായ ബോംബെ എെഎസിസി സമ്മേളനത്തിന്റെ കമാൻഡർ ഇൻ ചീഫായിരുന്നു. അന്ന് അദ്ദേഹം നിർദ്ദേശിച്ച മുദ്രാവാക്യമാണ് ‘ക്വിറ്റ് ഇന്ത്യാ’. 1950 ജൂലൈയിൽ 47–ാം വയസിൽ യൂസഫ് മെഹ്റലി അന്തരിച്ചു.