Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാണത്തൂരിൽ കാണാതായ നാലു വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

Sana

രാജപുരം (കാസർകോട്) ∙ പാണത്തൂരിൽ വീട്ടുമുറ്റത്തുനിന്ന് കാണാതായ സന ഫാത്തിമ (നാല്) യുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദ്രുതകർമസേനയും നടത്തിയ തിരച്ചിലിൽ വീട്ടിൽനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയ സ്ഥലത്തുനിന്നു തന്നെ ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. പവിത്രക്കയം എന്നു പറയുന്ന ആഴമേറിയ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചെളിയിൽ അകപ്പെട്ടതുകൊണ്ടാകും കണ്ടെത്താൻ ഇത്രയും വൈകിയത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴുകിതുടങ്ങിയ നിലയിലാണ്. പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തെ ഓവുചാലിലെ ഒഴുക്കിൽപെട്ടാണ് സന ഫാത്തിമയെ കാണാതായത്. പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം–ഹസീന ദമ്പതികളുടെ മകളാണ്.

അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാർ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു. സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്നു പൊലീസും നാട്ടുകാരും അഗ്നിശമനസേനയും കഴിഞ്ഞ അഞ്ചു ദിവസമായി പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാൽ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിൽ തന്നെയായിരുന്നു പൊലീസ്.

കുട്ടിയെ കാണാതായെന്നു സംശയിക്കുന്ന ഓവുചാലിൽ ചൊവ്വാഴ്ച തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. തിരച്ചിലുകളെല്ലാം വിഫലമായതിനെത്തുടർന്നാണ് കലക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്. അതേസമയം, സനയെ നാടോടികൾ തട്ടിക്കൊണ്ടു പോയതാണെന്ന സംശയവും ഉയർന്നിരുന്നു.

related stories