Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ വിജയൻ നേരിട്ടിരുന്ന ഭീഷണി മുഖ്യമന്ത്രി അറിഞ്ഞിരുന്നു- വെളിപ്പെടുത്തൽ

Uzhavoor-Vijayan-3

കൊച്ചി∙ ഉഴവൂർ വിജയനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി കൊലവിളി നടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉഴവൂർ വിജയൻ പാർട്ടി നേതാക്കളിൽനിന്നു ഭീഷണി നേരിട്ടതായി കായംകുളത്തെ വ്യവസായി നൗഷാദ് ഖാൻ സ്ഥിരീകരിച്ചു. മനോരമ ന്യൂസ് 'കൗണ്ടര്‍ പോയന്റി'ലാണു വെളിപ്പെടുത്തല്‍. ഉഴവൂർ വിജയൻ നേരിട്ടിരുന്ന ഭീഷണി മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനെയും അറിയിച്ചിരുന്നതായി എന്‍വൈസി നേതാവ് മുജീബ് റഹ്മാന്‍ വെളിപ്പെടുത്തി.

വിജയന്റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ചു നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിനു ലഭിച്ചിരുന്നു. 'അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സംഭാഷണം.

എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് മനോരമ ന്യൂസിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

അതേസമയം, ഫോൺ സംഭാഷണത്തിൽ കേൾക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു താനല്ലെന്നു തെളിയിക്കാന്‍ മുജീബ് റഹ്മാനെ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്നു മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.  

related stories