Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരാഖണ്ഡിലും കശ്മീരിലും ഞങ്ങൾ പ്രവേശിച്ചാൽ നിങ്ങൾ എന്തുചെയ്യും; ചൈന

Chinese Soldier

ന്യൂഡൽഹി∙ സംഘർഷം തുടരുന്ന ദോക് ലായിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം ചൈന തള്ളി. കഴിഞ്ഞ 50 ദിവസങ്ങളായി ദോക് ലായിൽ നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ചൈനയുടെ റോ‍ഡു നിർമാണവും അവർ തടഞ്ഞിട്ടുണ്ട്. ഉത്തരാഖണ്ഡിലെ കാലാപാനിയിലും കശ്മീരിലും തങ്ങൾ പ്രവേശിച്ചാൽ ഇന്ത്യ എന്തുചെയ്യുമെന്നും അവർ ചോദിക്കുന്നു. സേനയെ പിൻവലിച്ചില്ലെങ്കിൽ രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് ശക്തമായ നടപടിയുണ്ടാകുമെന്നും ചൈന വ്യക്തമാക്കി.

ഞങ്ങളുടെ സ്വന്തം പ്രദേശത്താണ് റോഡു നിർമിക്കുന്നത്. ഇവിടെനിന്ന് ഇന്ത്യ സേനയെ ഒന്നടങ്കം പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ദോക് ‌ലായിൽ ഒരു ഇന്ത്യൻ സൈനികൻ തുടർന്നാൽ പോലും അത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൈനീസ് നയതന്ത്രജ്ഞൻ വാങ് വെൻലി ആരോപിച്ചു. നിലവിൽ ഇന്ത്യയുമായി ചർച്ച നടത്തുന്നത് സാധ്യമായ കാര്യമല്ല. മേഖലയിൽനിന്ന സൈന്യത്തെ പിൻവലിക്കാതെ ഇന്ത്യയുമായി ചർച്ച നടത്തില്ലെന്നും ചൈന വ്യക്തമാക്കി.

ദോക് ‍ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടിയ ഭൂട്ടാൻ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചതോടെ ഇന്ത്യൻ സേന ഇവിടെ നിലയുറപ്പിച്ചു. തങ്ങളും ഭൂട്ടാനും തമ്മിലാണു പ്രശ്നങ്ങളെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നുമാണ് ആദ്യം മുതൽ ചൈന എടുത്തിരിക്കുന്ന നിലപാട്. 

സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമാണു ദോക് ലാ. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തുമെന്നതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്.