Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബിജെപി ഇന്ത്യ വിടണം’ പ്രചാരണവുമായി മമത; ലക്ഷ്യം 2019ലെ തിരഞ്ഞെടുപ്പ്

mamata-banerjee മമതാ ബാനർജി

കൊൽക്കത്ത∙ 2019ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കരുക്കൾ നീക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാർഷികം സ്മരിക്കുന്ന വർഷത്തിൽ ബിജെപി ഇന്ത്യ വിടുക (ബിജെപി ക്വിറ്റ് ഇന്ത്യ) എന്ന പ്രചാരണവുമായാണ് മമത എത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുമെന്നും മമത ബംഗാളിലെ മേധിനിപുരിൽ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവർന്നിരിക്കുകയാണ്. മതനിരപേക്ഷത അപകടത്തിലാണ്. രാജ്യത്തെ വിഭജിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതു ഞങ്ങൾ സമ്മതിച്ചുതരില്ല. 2019ലെ ഞങ്ങളുടെ മുദ്രാവാക്യം ബിജെപി ഇന്ത്യ വിടുക എന്നതാണ്. വർഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം അവസാനിക്കണം, പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു മമത വ്യക്തമാക്കി.

ബിജെപിയെ പുറത്താക്കും വരെ ഞങ്ങൾ‌ പോരാടും. എതിർപ്പുകളെ എല്ലാം നിഷ്പ്രഭമാക്കി ജനാധിപത്യം വിജയിക്കും. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിവയെ ഉപയോഗിച്ചു അവർക്കു ഭീഷണിപ്പെടുത്താം, എന്നാൽ ഞങ്ങള്‍ക്കു ഭയമില്ല. കേന്ദ്രസർക്കാർ ഇപ്പോൾ ഏജൻസികളുടെ സർക്കാരായി, മമത ആരോപിച്ചു.

ആദിവാസികളെയും പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവരെയും ജനക്കൂട്ടം മർദിച്ചുകൊല്ലുമ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണ് ബിജെപി. മറ്റൊരു വശത്ത് ആദിവാസികൾക്കൊപ്പമുണ്ടെന്നു കാട്ടി അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചിത്രങ്ങളെടുക്കുകയുമാണ് അവർ ചെയ്യുന്നതെന്നും മമത കൂട്ടിച്ചേർത്തു.

related stories