Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഹരിത ട്രൈബ്യൂണലിൽ സർക്കാർ മറച്ചുവച്ചു

Munnar Encroachment സർക്കാർ ഭൂമിയെന്ന് വ്യക്തമാക്കി ബോർഡ് സ്ഥാപിക്കുന്നു. (ഫയൽ ചിത്രം)

ചെന്നൈ∙ മൂന്നാറിലെ രാഷ്ട്രീയക്കാരുടേതടക്കം വന്‍കിട കയ്യേറ്റങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ നൽകിയ റിപ്പോർട്ടിൽ സര്‍ക്കാര്‍ മറച്ചുവച്ചു‍. ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി കലക്ടര്‍ നല്‍കിയ പട്ടികയും സര്‍ക്കാര്‍ മറച്ചുവച്ചു.

മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാനാണ് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്. ഇതോടൊപ്പം കയ്യേറ്റങ്ങൾക്കെതിരെ എന്തുനടപടിയെടുത്തുവെന്നും ട്രൈബ്യൂണൽ ചോദിച്ചിരുന്നു. മൂന്നാറിൽ രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളില്ലെന്നും അനധികൃതമായി കയ്യേറി നിർമിച്ച കെട്ടിടങ്ങളുടെ അപൂർണ പട്ടികയാണ് കൈവശമുള്ളതെന്നുമാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.

330 കെട്ടിടങ്ങളുടെ പട്ടികയാണ് സർക്കാർ സമർപ്പിച്ചത്. അഞ്ച് ശതമാനം മുതൽ 100 ശതമാനം വരെ പണി തീർന്ന കെട്ടിടങ്ങളുടെ പട്ടികയാണ് ഇത്. പള്ളിവാസൽ, ദേവികുളം എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളുടെ കൃത്യമായ അളവുപോലും പട്ടികയിൽ സർക്കാർ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ എന്തു നടപടിയെടുത്തുവെന്നു സർക്കാർ ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.