Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോർ വാഹന വകുപ്പ് കണ്ണുരുട്ടി; സംസ്ഥാനത്ത് അപകടങ്ങളിൽ 20% കുറവ്

Vehicle Checking ഫയൽ ചിത്രം

തിരുവനന്തപുരം ∙ മോട്ടോർ വാഹനവകുപ്പ് നിയമനടപടികൾ കർശനമാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് റോഡപകടങ്ങൾ 20 ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം 39,420 അപകടങ്ങളിലായി 4,287 പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. 44,108പേർക്കു പരുക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാലാണ് 3,659 പേർ കൊല്ലപ്പെട്ടത്. ഈവർഷം (ജൂലൈ അവസാനംവരെ) 1,352 അപകട മരണങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

ഗതാഗത നിയമങ്ങൾ ലംഘിച്ചതിനു മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തത് 2,000 ലൈസൻസുകളാണെന്നും നടപടികൾ കൂടുതൽ കർശനമാക്കാനാണ് ഉദ്യേശിക്കുന്നതെന്നും ജോ. ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു. അഞ്ചുതവണ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ‌ മൂന്നുമാസമാണ് സസ്പെൻഷൻ കാലാവധി.

വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് 17 ഇന്റർസെപ്റ്റർ അടക്കം 39 പുതിയ വാഹനങ്ങൾ ഗതാഗതവകുപ്പ് വാങ്ങിയിട്ടുണ്ട്. 2.8 കോടിയാണ് ചെലവ്. അതിനൂതനമായ ക്യാമറ സംവിധാനം ഈ വാഹനങ്ങളിലുണ്ട്. നിയമവിധേയമല്ലാത്ത ഹോണുകൾ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനുള്ള ഡെസിബൽ മീറ്ററും പ്രകാശ തീവ്രത അളക്കുന്നതിനുള്ള സംവിധാനവും ഗ്ലാസുകളിലെ സൺഫിലിമിന്റെ സുതാര്യത പരിശോധിക്കുന്നതിനുള്ള ഉപകരണവും വാഹനങ്ങളിലുണ്ട്.

ഡ്രൈവിങ് പരീക്ഷ അടിമുടി പരിഷ്ക്കരിക്കാനും തീരുമാനമായി. ഇപ്പോൾ അഞ്ചിടങ്ങളിൽ ആധുനിക രീതിയിലുള്ള ഡ്രൈവിങ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ എല്ലാ ജില്ലകളിലും പിപിപി വ്യവസ്ഥയിൽ ആധുനിക ഡ്രൈവിങ് പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനുള്ള നിർദേശങ്ങൾ പുറത്തിറങ്ങി.

2002 മുതൽ കേരളത്തിൽ നടന്ന അപകടങ്ങളുടെ കണക്ക്. വർഷം, അപകടങ്ങളുടെ എണ്ണം, മരണം, അപകടത്തിൽ പരുക്കേറ്റവർ എന്ന രീതിയിൽ.