Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

108 ആംബുലൻസുകളെ ചികിൽസിക്കണം, ജനങ്ങളുടെ ജീവനാണ് സർക്കാരേ...

Ambulance

തിരുവനന്തപുരം ∙ നിരത്തുകളിൽ ജീവന്‍ പൊലിയുമ്പോൾ, ജനങ്ങൾക്ക് ആശ്രയമായിരുന്ന 108 ആംബുലൻസുകളുടെ പ്രവർത്തനം താളംതെറ്റിയ നിലയിൽ. മെഡിക്കൽ സർവീസ് കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസുകളിൽ മിക്കവയും പ്രവർത്തനരഹിതം. പലതിലും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളില്ല. ലക്ഷണക്കണക്കിനു കിലോമീറ്ററുകളോടി ‘അവശനിലയിലാണ്’ മിക്ക വാഹനങ്ങളും.

ആംബുലൻസ് സേവനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണു പദ്ധതി ആരംഭിച്ച 2010 മുതൽ അധികൃതർ പ്രഖ്യാപിക്കുന്നത്. 40 കോടി രൂപ പ്രവർത്തനത്തിനായി നീക്കിയിരിപ്പുണ്ടെങ്കിലും ഒരു ആംബുലൻസ്പോലും പുതുതായി വാങ്ങാൻ സർക്കാർ തയാറായിട്ടില്ല. സംസ്ഥാനത്ത് 108 ആംബുലൻസ് പ്രവർത്തനം ആരംഭിക്കുമ്പോൾ 50 വാഹനങ്ങളാണു വാങ്ങിയത്. ഓരോ ആംബുലൻസിനും 33,80,000 രൂപവീതം 16.90 കോടിരൂപ ചെലവായി. 2010 മേയ് മാസത്തിൽ തിരുവനന്തപുരത്തും 2012 ഏപ്രിലിൽ ആലപ്പുഴയിലും സേവനം ആരംഭിച്ചു.  

2014 ഫെബ്രുവരി മാസത്തിൽ ആംബുലൻസുകളുടെ എണ്ണം 43 ആയി കുറഞ്ഞു. 25 എണ്ണം തിരുവനന്തപുരത്തും 18 എണ്ണം ആലപ്പുഴയിലും. 2016 ഒക്ടോബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിലെ 27 വാഹനങ്ങളിൽ 11 എണ്ണം മാത്രമായിരുന്നു പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. ആലപ്പുഴയിൽ 16. തിരുവനന്തപുരം ജില്ലയിൽ ഇപ്പോഴുള്ളത് 24 വാഹനങ്ങളാണ്. ഇതിൽ എട്ടെണ്ണം അറ്റകുറ്റപ്പണിയിൽ. ആലപ്പുഴയിലെ 18 ആംബുലൻസുകളിൽ അഞ്ചെണ്ണം അറ്റകുറ്റപ്പണിയിൽ (ഔദ്യോഗിക കണക്ക്). 2016 അവസാനംവരെ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത് 22.64 കോടിരൂപ.

∙ ജീവൻരക്ഷാ ഉപകരണങ്ങളെവിടെ?

ആവശ്യത്തിന് ഉപകരണങ്ങൾ മിക്ക വാഹനങ്ങളിലുമില്ലെന്നു ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഉള്ളതാകട്ടെ കാലപ്പഴക്കം ചെന്നവ. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഇസിജി, രക്തസമ്മർദം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനും ഹൃദ്രോഗത്തിനു പ്രാഥമിക ചികിൽസ നടത്താനുമുള്ള ഉപകരണങ്ങൾ മിക്ക വാഹനങ്ങളിലും പ്രവർത്തനരഹിതം. 

∙ ആംബുലൻസുകളുടെ മേൽനോട്ടം

2015 ജൂലൈ 15 മുതൽ ആംബുലൻസ് സേവനങ്ങളുടെ മേൽനോട്ടം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനും ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കുമാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി അതതു ജില്ലകളിലെ ഫോർമാൻ മെക്കാനിക്കിന്. 

∙ ജീവനക്കാരുടെ വേതനം

2016 സെപ്റ്റംബർ മുതൽ 108 ആംബുലൻസിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് 500 രൂപയും മെയിൽ നെഴ്സുമാർക്ക് 513 രൂപയും പ്രതിദിന വേതനമായി നൽകുന്നു. 12 മണിക്കൂറാണു ജോലി. കോൾ സെന്റർ ജീവനക്കാർക്കു പുറമേ ഇരുന്നൂറോളം ജീവനക്കാർ രണ്ടു ജില്ലകളിലായി ജോലി ചെയ്യുന്നു. എട്ടുമണിക്കൂർ ജോലിയുടെ വേതനം മാത്രമാണു ലഭിക്കുന്നതെന്നു ജീവനക്കാർ.

∙ മെഡിക്കൽ സർവീസ് കോർപ്പറേഷനു പറയാനുള്ളത്

ആംബുലൻസ് വാങ്ങാൻ പദ്ധതി നിർദേശം സമർപ്പിക്കാൻ മാത്രമേ കഴിയൂവെന്നും തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും മെഡിക്കൽ സർവീസ് കോർപ്പറേഷൻ അധികൃതർ പറയുന്നു. ‘കേരളത്തിനുശേഷം ആംബുലൻസ് സർവീസ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഇപ്പോൾ മുന്നൂറിലേറെ ആംബുലൻസുകളും മികച്ച സേവനവുമുണ്ട്. ഇവിടെ ഫണ്ടുണ്ടായിട്ടും വേഗത്തിൽ നടപടിയുണ്ടാകുന്നില്ല’–ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനോടു പറഞ്ഞു. പ്രവർത്തനം മുൻപത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണു കോർപ്പറേഷന്റെ അവകാശവാദം. അറ്റകുറ്റപ്പണികൾ മുൻപത്തേക്കാൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു.