Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ദിലീപ് രണ്ടാം പ്രതി; ‘മാഡ’ത്തെ അന്വേഷിക്കേണ്ടെന്ന് നിർദേശം

Dileep

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിനെ രണ്ടാം പ്രതിയാക്കി പൊലീസിന്റെ കുറ്റപത്രം തയാറാവുന്നു. നടിയെ ഉപദ്രവിച്ച സുനിൽകുമാർ (പൾസർ സുനി) ഒന്നാം പ്രതിയായി തുടരും. കേസിൽ സുനിൽകുമാറിനു ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയിൽ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. 

ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അന്വേഷണത്തിൽ വലിയ മുന്നേറ്റമാണു പൊലീസുണ്ടാക്കിയത്. ഇത്തരം അതീവ ഗൗരവ സ്വഭാവമുള്ള കേസുകളിൽ പ്രതിയെ 90 ദിവസം വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ച് അന്വേഷണം നടത്താൻ പൊലീസിനു നിയമപരമായി അവകാശമുണ്ട്.

കേസിലെ നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നൽകിയ രണ്ട് അഭിഭാഷകരിൽ ആരെങ്കിലും കേസിലെ മാപ്പുസാക്ഷിയായേക്കാം. കേസിൽ കൂടുതൽ പ്രതികളുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാവുമെന്ന സൂചനയുമുണ്ട്. 

പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം തയാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ തന്നെയാണ് ഈ കേസിലും കുറ്റപത്രം തയാറാക്കുന്നത്. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണു പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കേസിന്റെ ആദ്യഘട്ടം മുതൽ കേട്ടിരുന്ന ‘മാഡം’ എന്ന കഥാപാത്രത്തെ കണ്ടെത്താൻ ഈ ഘട്ടത്തിൽ ശ്രമിച്ചു സമയം നഷ്ടപ്പെടുത്തേണ്ടെന്നാണു പൊലീസിനു ലഭിച്ച നിർദേശം.

അതേസമയം, മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലും അഞ്ചും പ്രതികളും മഴുവന്നൂർ സ്വദേശികളുമായ അബിൻ കുര്യാക്കോസ്, ബിബിൻ പോൾ എന്നിവരാണു ജാമ്യത്തിനെത്തിയത്.

related stories