Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരുകന്റെ മരണം നാടിന് അപമാനം, കേരളം മാപ്പു ചോദിക്കുന്നു: മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ ആശുപത്രികൾ ചികിൽസ നിഷേധിച്ചതിനെ തുടർന്നു മരിച്ച തിരുനെൽവേലി സ്വദേശി മുരുക(33)ന്റെ കുടുംബത്തോടു കേരളം മാപ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണുണ്ടായത്. ഇനിയും ഇതാവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമഭേദഗതിയോ ആവശ്യമെങ്കിൽ അതു ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിച്ചതിനെത്തുടർന്നു ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂറാണ് മുരുകന് ആംബുലൻസിൽ കഴിച്ചുകൂട്ടേണ്ടിവന്നത്. ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ഇത്തിക്കര വളവിൽ ഞായർ രാത്രി 10.30നു ബൈക്ക് അപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകൻ ആറ് ആശുപത്രികൾ കയറിയിറങ്ങിയശേഷം തിങ്കളാഴ്ച രാവിലെ 6.15നു മരിച്ചത്.

കൂട്ടിരിക്കാൻ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സർജനില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണു തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികൾ മുരുകന് ചികിത്സ നിഷേധിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോടു മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. തക്ക സമയത്തു ചികിത്സ ലഭിക്കാതെ യുവാവു മരിച്ചത് അത്യന്തം വേദനാജനകമാണെന്നും ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.