Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്കാരിയായ ദലിത് യുവതിയെ മർദിച്ചു; മന്ത്രിയുടെ ഭർത്താവിനെതിരെ പരാതി

akg-centre

ന്യൂഡൽഹി ∙ പാർട്ടി പ്രവർത്തകയായ ദലിത് യുവതിയെ മർദിച്ചുവെന്ന പരാതിയിൽ മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്കരനെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിർദേശം നൽകി. 

മുൻ മട്ടന്നൂർ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണു പരാതിക്കാരി. സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണു കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്. 

മട്ടന്നൂർ നഗരസഭാ ചെയർമാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണു ഭാസ്കരൻ. മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പൺ വോട്ടു സംബന്ധിച്ച തർക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോൾ, ഭാസ്കരൻ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തെന്നാണു പരാതി.

തുടർന്നു ഷീലയുടെ ഭർത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാവുമായ കെ.പി.രാജൻ സ്ഥലത്തെത്തി. ഭാസ്കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസിൽ പരാതിപ്പെടാൻ ഷീല ശ്രമിച്ചെങ്കിലും പാർട്ടി നേതാക്കൾ പിന്തിരിപ്പിച്ചു. എന്നാൽ പാർട്ടിക്കു പരാതി നൽകുമെന്ന നിലപാടിൽ ഷീല ഉറച്ചുനിന്നു. 

കേരളത്തിലെ സിപിഎം സർക്കാരിനെതിരെയും കേരളത്തിലെ ക്രമസമാധാന സ്ഥിതിക്കെതിരെയും വ്യാപകമായ പ്രചാരണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി നേതാവ് ദലിത് യുവതിയെ മർദിച്ചുവെന്നതു വീണ്ടും വിവാദത്തിനു വഴിതെളിക്കും എന്നുകണ്ടാണു കേന്ദ്രനേതൃത്വം നടപടിക്കു നിർദേശിച്ചത്.

ദലിത് മർദനം ഗുരുതരം 

ദലിതരെ മർദിച്ച സംഭവമുണ്ടായാൽ ഇന്ത്യൻ പീനൽ കോഡിനു പുറമേ പട്ടികജാതി, പട്ടികവർഗ (ക്രൂരതകൾ തടയൽ) നിയമം 1989 പ്രകാരം കേസെടുക്കണം എന്നാണു ചട്ടം. ഇത്തരം കേസുകളിൽ പരാതി നൽകുന്നതു തടയുന്നതും കുറ്റകരമാണ്.