Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനമില്ലെങ്കിൽ ജനാധിപത്യം ദുർഭരണത്തിലേക്കു വഴിമാറും: ഹാമിദ് അൻസാരി

Hamid Ansari ഹാമിദ് അൻസാരി

ന്യൂ‍ഡൽഹി∙ സർക്കാർ നയങ്ങളെ പ്രതിപക്ഷത്തിനു സ്വതന്ത്രമായി വിമർശിക്കാനായില്ലെങ്കിൽ ജനാധിപത്യം ദുർഭരണത്തിലേക്കു വഴിമാറുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ഹാമിദ് അൻസാരി. ഇന്ത്യൻ നാനാത്വത്തെ കുറിക്കുന്ന, ഭരണഘടനയുടെ നിർമിതിയാണ് രാജ്യസഭ. വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ ആ അവകാശം പാർലമെന്റിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തരുത്. എല്ലാവർക്കും അവകാശവും ഉത്തരവാദിത്വവുമുണ്ട്, ന്യൂനപക്ഷങ്ങൾക്കു നൽകുന്ന സംരക്ഷണത്തിലൂടെയാണ് ജനാധിപത്യം സമുന്നതമാകുന്നത്. അതേസമയം, ന്യൂനപക്ഷങ്ങൾക്കും അവരുടേതായ ഉത്തരവാദിത്തമുണ്ടെന്നും രാജ്യസഭയിലെ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ അൻസാരി കൂട്ടിച്ചേർത്തു.

10 വർഷം നീണ്ട കാലയളവിനുശേഷം സ്ഥാനമൊഴിയുന്ന ഹാമിദ് അൻസാരിക്ക് രാജ്യസഭ ഊഷ്മള യാത്രയയ്പ്പു നൽകി. പത്തുവർഷത്തിനുശേഷമാണ് ഉപരാഷ്ട്രപതി പദവിയിൽനിന്ന് അദ്ദേഹം മാറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന അംഗങ്ങളും ഹാമിദ് അൻസാരിക്ക് ആശംസകൾ നേർന്നു. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമായിരുന്നു അൻസാരിയുടേതെന്നു മോദി പ്രകീർത്തിച്ചു.

കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എസ്പി നേതാവ് രാം ഗോപാൽ യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒ ബ്രെയ്ൻ, സിപിഎം നേതാവ് സീതാറാം യച്ചൂരിയും പ്രസംഗിച്ചു.

related stories