Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്കും ദിനകരനുമെതിരെ പടയൊരുക്കം; അണ്ണാ ഡിഎംകെ പക്ഷങ്ങൾ ഒന്നിക്കുന്നു

sasikala-ttv-dinakaran

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെയും അനന്തരവനും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗം. ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കി. ദിനകരന്റെ തീരുമാനങ്ങൾ പാർട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാർട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം, എടപ്പാടി പളനിസാമി – പനീർസെൽവം വിഭാഗങ്ങൾ തമ്മിലുള്ള ലയന ചർച്ചകൾ വീണ്ടും സജീവമായി. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടിയിലെ ഐക്യം ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. എടപ്പാടി മുഖ്യമന്ത്രിയായി തുടരുകയും പനീർസെൽവം ഉപമുഖ്യമന്ത്രി, പാർട്ടി ജനറൽ സെക്രട്ടറി പദങ്ങൾ വഹിക്കുകയും ചെയ്യുമെന്ന ഒത്തുതീർപ്പിലേക്കാണ് ഇരുവിഭാഗങ്ങളുമെത്തുന്നത്. നിലവിലെ മന്ത്രിസഭയിൽനിന്ന് രണ്ടുപേരെ ഒഴിവാക്കി പകരം ഒപിഎസ് പക്ഷത്തെ മഫോയി കെ. പാണ്ഡ്യരാജനെയും സെമ്മലൈയേയും മന്ത്രിമാരാക്കുമെന്നും റിപ്പോർട്ടുണ്ട്.

പക്ഷേ, പാർട്ടിയിൽനിന്നും ശശികലയുടെ കുടുംബത്തെ പൂർണമായും പുറത്താക്കണമെന്ന ആവശ്യത്തിൽ പനീർസെൽവം വിഭാഗം ഉറച്ചുനിൽക്കുകയാണ്. 122 എംഎൽഎമാർ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരൻ, 45 അംഗ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എടപ്പാടി പളനിസാമി വിഭാഗവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്.