Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവശ്യമെങ്കിൽ പളനിസാമിക്കെതിരെ അവിശ്വാസം കൊണ്ടുവരും: എം.കെ.സ്റ്റാലിൻ

mk stalin

ചെന്നൈ∙ അണ്ണാ ഡിഎംകെയിൽ ടി.ടി.വി.ദിനകരനും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഡിഎംകെ. ആവശ്യം വരികയാണെങ്കില്‍ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദിനകരന്റെ നിയമനം പാർട്ടിയുടെ ബൈലോയ്ക്ക് അനുസരിച്ചല്ലെന്ന് പളനിസാമി പറഞ്ഞതിനു പിന്നാലെയാണ് അവിശ്വാസം നൽകാൻ നീക്കം നടക്കുന്നത്.

എന്നാൽ, ഡിഎംകെ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വ്യക്തമാക്കി. ഒപിഎസ് വിഭാഗവുമായുള്ള ലയനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടി.ടി.വി.ദിനകരന്‍ ചതിയനാണെന്നും പളനിസാമി പറഞ്ഞു.

അണ്ണാ ഡിഎംകെ ഇപ്പോൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. പളനിസാമി, പനീർസെൽവം, ദിനകരൻ വിഭാഗങ്ങളാണിപ്പോഴുള്ളത്. ഭരണകക്ഷിക്കുള്ളിൽ ഉടലെടുത്തിരിക്കുന്ന ഈ സവിശേഷ സാഹചര്യം സംസ്ഥാനത്ത് അസാധാരണ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. അവരുടെ ആ ദുരിതം അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി.ടി.വി.ദിനകരനെതിരെ പ്രമേയം പാസാക്കിയിരുന്നു. ടി.ടി.വി.ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി നിയമാവലിക്കു വിരുദ്ധമാണെന്നായിരുന്നു യോഗം ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം. പ്രമേയത്തെ സ്വാഗതം ചെയ്ത പനീർസെൽവം ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വഞ്ചകനെന്നു വിശേഷിപ്പിച്ച് ദിനകരൻ നിലപാട് കടുപ്പിക്കുകയും ചെയ്തു. ‘‘ജയലളിത കാണിച്ച വഴിയിൽ പോയാൽ സർക്കാർ നിലനിൽക്കും. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം’’– ദിനകരൻ പറഞ്ഞു.