Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുംഭകോണത്ത് 94 കുട്ടികളുടെ മരണം: ഏഴുപേരുടെ ജീവപര്യന്തം കോടതി മരവിപ്പിച്ചു

madras-high-court-chennai മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ∙ കുംഭകോണത്തു 2004ൽ 94 സ്കൂൾ കുട്ടികൾ തീപിടിത്തത്തിൽ വെന്തുമരിച്ച കേസിലെ ശിക്ഷാവിധി മദ്രാസ് ഹൈക്കോടതി മരവിപ്പിച്ചു. പ്രതികളായ ഏഴുപേരുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച കോടതി, രണ്ടുപേർക്കു പുതുതായി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2004 ജൂലൈ 16നാണു കുംഭകോണം ധാരാപുരത്തെ ശ്രീകൃഷ്‌ണ ഹയർസെക്കൻഡറി സ്‌കൂൾ സമുച്ചയത്തിലുൾപ്പെട്ട സരസ്വതി പ്രൈമറി സ്‌കൂളിൽ തീപിടിത്തമുണ്ടായത്. 94 വിദ്യാർഥികൾ മരിക്കുകയും 18 പേർക്കു പരുക്കേൽക്കുകയും ചെയ്‌തു.

ജസ്റ്റിസുമാരായ എം. സത്യനാരായണൻ, വി.എം. വേലുമണി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. സ്‌കൂൾ സ്‌ഥാപകൻ പളനിസാമി, സ്കൂളിലെ പാചകക്കാരി വാസന്തി എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിൽ സ്‌കൂൾ സ്‌ഥാപകൻ പളനിസാമിക്കു ജീവപര്യന്തം തടവും സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് സന്താനലക്ഷ്‌മി ഉൾപ്പെടെ എട്ടു പേർക്ക് അഞ്ചു വർഷം കഠിന തടവും മറ്റൊരാൾക്കു രണ്ടു വർഷം കഠിന തടവുമാണ് 2014ൽ തഞ്ചാവൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പളനിസാമിക്കു ജീവപര്യന്തം തടവുശിക്ഷയ്‌ക്കു പുറമേ 47 ലക്ഷം രൂപ പിഴയും വിധിച്ചു. ഇപ്പോഴത്തെ വിധിയിൽ പളനിസാമിയെ വീണ്ടുമൊരു ജീവപര്യന്തത്തിനു കൂടി ശിക്ഷിച്ചു. എന്നാൽ പിഴത്തുക വെട്ടിച്ചുരുക്കി 1,16,500 രൂപയാക്കി.

പളനിസാമിയുടെ ഭാര്യയും സ്‌കൂൾ മാനേജരുമായ സരസ്വതി, ഹെഡ്‌മിസ്‌ട്രസ്, ഉച്ചഭക്ഷണത്തിന്റെ ചുമതലക്കാരി വിജയലക്ഷ്‌മി, പാചകക്കാരി വാസന്തി എന്നിവരെ അഞ്ചു വർഷം കഠിനതടവിനാണു ശിക്ഷിച്ചിരുന്നത്. പാചകക്കാരി വാസന്തിയുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഇവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വിചാരണയ്ക്കിടെ മരിച്ചതിനെത്തുടർന്നു പളനിസാമിയുടെ ഭാര്യയും സ്‌കൂൾ മാനേജരുമായ സരസ്വതിയെ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ജില്ലാ എലമെന്ററി വിദ്യാഭ്യാസ ഓഫിസർ ആർ. ബാലാജി, അസിസ്‌റ്റന്റ് ഇഇഒ: ശിവപ്രകാശം, എലമെന്ററി എജ്യൂക്കേഷൻ വകുപ്പ് സൂപ്രണ്ട് താണ്ഡവൻ, ഡിഇഇഒയുടെ പിഎ ജി. ദുരൈരാജ് എന്നിവരെ അഞ്ചു വർഷം കഠിനതടവിനും ചാർട്ടേഡ് എൻജിനീയർ ജയചന്ദ്രനെ രണ്ടു വർഷത്തെ കഠിനതടവിനുമാണു തഞ്ചാവൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നത്. പളനിസാമി, വാസന്തി എന്നിവർ ഒഴികെയുള്ളവരുടെ ശിക്ഷയാണു ഹൈക്കോടതി മരവിപ്പിച്ചത്.

5,000 പേജുള്ള കുറ്റപത്രത്തിൽ ആദ്യം 24 പേരെയാണു പ്രതിയാക്കിയത്. പിന്നീട്, അന്നത്തെ ചീഫ് എജ്യുക്കേഷനൽ ഓഫിസർ സി. പളനിസാമി, കുംഭകോണം തഹസിൽദാർ എസ്. പരമശിവം, എലമെന്ററി എജ്യുക്കേഷൻ ഡയറക്‌ടർ എ. കണ്ണൻ എന്നിവരെ സർക്കാർ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ, പ്രതികളുടെ എണ്ണം 21 ആയി കുറഞ്ഞു. 21 പ്രതികളിൽ 11 പേരെ കോടതി കുറ്റവിമുക്‌തരാക്കി. കുറ്റക്കാരെന്നു കണ്ടെത്തിയ 10 പേർക്കാണു തഞ്ചാവൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

തീവിഴുങ്ങിയ കുഞ്ഞുസ്വപ്‌നങ്ങൾ

2004 ജൂലൈ 16. ശ്രീകൃഷ്‌ണ സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുപ്പിൽ നിന്നാണ് 'അപ്രതീക്ഷിതമായി' തീ പടർന്നു പിടിച്ചത്. തീ കണ്ടു പരിഭ്രാന്തരായ കുട്ടികൾ പുറത്തേക്ക് ഓടാൻ തുടങ്ങിയപ്പോൾ അധ്യാപകർ അവരെ തടഞ്ഞു. തീ കണ്ടു ഭയക്കേണ്ടെന്നും ഉടൻ അണയ്‌ക്കുമെന്നും ആരും സ്വന്തം ഇരിപ്പിടംവിട്ടു മാറരുതെന്നും അധ്യാപകൻ വിളിച്ചു പറഞ്ഞു. എന്നാൽ, തീ അഗ്നിഗോളമായി എട്ടുമുതൽ പത്തു വയസ്സു വരെയുള്ള കുട്ടികളെ ഒറ്റയടിക്കു വിഴുങ്ങുകയായിരുന്നു. പൊള്ളലേറ്റും ശ്വാസംമുട്ടിയും 94 കുരുന്നു ജീവനുകൾ പിടഞ്ഞുവീണു.

കത്തിയമർന്ന മേൽക്കൂര കുട്ടികളുടെ ദേഹത്തു വീണതിനാൽ രക്ഷയ്‌ക്കുള്ള മാർഗമടഞ്ഞു. തീ കണ്ടു വിദ്യാർഥികൾ താഴേക്ക് ഇറങ്ങി വരാതിരിക്കാൻ ആരോ വാതിലടച്ചതോടെ കുട്ടികൾ മുഴുവൻ മുകൾനിലയിൽ കുടുങ്ങി. ക്ലാസ് മുറിയിൽനിന്നു പുറത്തു വന്നവർക്കാകട്ടെ ഗോവണി വീതി കുറഞ്ഞതായതിനാൽ പുറത്തു കടക്കാനുമായില്ല. സ്‌കൂളിലെ ജനലുകൾ അടച്ചിട്ടതിനാൽ ശ്വാസം മുട്ടിയും ചിലർ മരിച്ചു. തീയണയ്‌ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങൾക്കുപോലും ഒന്നും ചെയ്യാനാവുമായിരുന്നില്ല. സർക്കാരിനും പൊതുസമൂഹത്തിനും സ്‌കൂളുകളുടെ സുരക്ഷ സംബന്ധിച്ചു തീരുമാനങ്ങളെടുക്കാൻ കാരണമായതു കുംഭകോണം ദുരന്തമായിരുന്നു.

related stories