Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ശൈലജയുടെ ഭർത്താവ് കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഷീല രാജൻ

കണ്ണൂർ∙ മട്ടന്നൂർ നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ നഗരസഭാ തിരഞ്ഞെടുപ്പു ദിവസം തന്നോടു പരുഷമായി പെരുമാറിയെന്നും ഇതു തനിക്കു മനോവിഷമം ഉണ്ടാക്കിയെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ പഴശി സൗത്ത് വില്ലേജ് സെക്രട്ടറി ഷീല രാജൻ. എന്നാൽ കയ്യേറ്റം ചെയ്തു എന്ന വാർത്ത ശരിയല്ല. ഷീല ഒപ്പിട്ട പ്രസ്താവന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനാണു മാധ്യമങ്ങൾക്കു വിതരണം ചെയ്തത്. 

പ്രസ്താവനയിൽ നിന്ന്

‘മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ദിവസം പെരിഞ്ചേരി വാർഡിൽ സിപിഎം സ്ഥാനാർഥിയുടെ പോളിങ് ഏജന്റായി ഞാൻ പ്രവർത്തിച്ചിരുന്നു. എൽഡിഎഫ് പ്രവർത്തകർ ഓപ്പൺ വോട്ടു ചെയ്യുന്നത് ബൂത്തിലെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതിനെക്കുറിച്ചു പാർട്ടി നേതാവും വാർഡിലെ ചുമതലക്കാരനുമായ കെ.ഭാസ്കരനോടു പരാതിപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരിശോധനയുടെ ഭാഗമായി എൽഡിഎഫ് പ്രവർത്തകരുമായി സംസാരിക്കുമ്പോഴായിരുന്ന് ഇത്. അപ്പോൾ ആ കാര്യം അവിടെ കൈകാര്യം ചെയ്താൽ മതിയെന്നു അദ്ദേഹം പറഞ്ഞു. നിങ്ങൾ ഇടപെട്ട് വിഷയം കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ നീ ഇപ്പോൾ പൊയ്ക്കോളു എന്നു പറഞ്ഞു. അങ്ങനെ പോയാൽ പോരാ നിങ്ങൾ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ടപ്പോൾ നിന്നോട് ഇപ്പോൾ പോകാനല്ലേ പറഞ്ഞത് എന്നു കെ.ഭാസ്കരൻ കർശനമായി പറഞ്ഞു. എന്റെ നേതാവായ അദ്ദേഹം മറ്റുള്ളവരുടെ സാന്നിധ്യത്തിൽ എന്നോടു അങ്ങനെ പറഞ്ഞപ്പോൾ എനിക്കു മനോവിഷമം തോന്നുകയും ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു’.