Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണം; ചുമതല ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്

Uzhavoor-Vijayan-2

തിരുവനന്തപുരം ∙ എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടർനടപടികൾക്കായി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി. ബേബി ചൂണ്ടിക്കാട്ടി. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എൻസിപി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂർ വിജയൻ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ് ഖാൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. വിജയനെ ഭീഷണിപ്പെടുത്താൻ കാരണം പാർട്ടിയിലെ പ്രശ്നമാണെന്ന് സുൾഫിക്കർ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തിയിരുന്നു.

സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം കൂടുതൽ ഗൗരവകരമായി. 'അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സുൾഫിക്കർ മയൂരിയുടെ സംഭാഷണം. എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതെന്ന് സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, വിജയനെതിരെയുള്ള ഭീഷണി ഉൾപ്പെടുന്ന ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടപ്പോൾ സുൾഫിക്കർ അതു നിഷേധിച്ചിരുന്നു.

related stories