Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻദുരന്തം സംഭവിച്ചത് യോഗി ആദിത്യനാഥിന്റെ ‘മാതൃക’ ആശുപത്രിയിൽ

BRD-hospital

ഗോരഖ്പുർ ∙ യുപിയിൽ 30 പിഞ്ചുകുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച വൻദുരന്തം സംഭവിച്ചത് തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യനാഥ് വികസന പ്രവർത്തനങ്ങൾ വിളിച്ചോതിയ ആശുപത്രിയിൽ. ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ കൂട്ടത്തോടെ ആശുപത്രിയിൽ മരിച്ചത് വ്യക്തിപരമായി മുഖ്യമന്ത്രി യോഗിക്കും കനത്ത തിരിച്ചടിയായി. കുടിശികയെ തുടർന്നു സ്വകാര്യ കമ്പനി ആശുപത്രിയിൽ ഓക്സിജൻ വിതരണം നിർത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം സംഭവിച്ചത്.

സ്വന്തം സ്ഥലമായ ഗോരഖ്പുരിൽ എംപി ആയിരുന്നപ്പോൾ ആശുപത്രിയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ആയിരുന്നു തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യ നാഥ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളേജ്. ഗോരഖ്പുർ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയുമാണിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ. 

മസ്തിഷ്കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം. ഗോരഖ്പുർ മണ്ഡലത്തിൽ മാത്രം മസ്തിഷ്കജ്വരം മൂലം ഈ വർഷം 114 മരണം സംഭവിച്ചിരുന്നു. ഇതെത്തുടർന്നു യുപിയിലെ 38 ജില്ലകളിൽ പദ്ധതി നടപ്പാക്കിവരികയാണ്. കിഴക്കൻ യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമാണു മസ്തിഷ്കജ്വരം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയിൽ 40,000 കുട്ടികൾ മരിച്ചതായാണു കണക്ക്.

കുഞ്ഞുങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് ബിആര്‍ഡിയിൽ ചികിത്സ തേടിയെത്തുന്നത്.  ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ രണ്ടുദിവസം മുൻപ് യോഗി ആദിത്യനാഥ് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിരുന്നു. ഓക്സിജൻ സിലിണ്ടർ ദൗർലഭ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹത്തെ ആശുപത്രി അധികൃതർ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ സർക്കാരിന്റെ അനാസ്ഥായായാണ് ഈ മഹാദുരന്തത്തിന് കാരണമെന്ന പ്രതിപക്ഷ സ്വരത്തിന് ശക്തി വർധിക്കുന്നു.