Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയുവിന് രണ്ടു കേന്ദ്രമന്ത്രി സ്ഥാനം; നിതീഷ് എൻഡിഎ കൺവീനറായേക്കും

Modi-with-Nitish-Kumar

ന്യൂഡൽഹി ∙ മഹാസഖ്യം പിളർത്തി എൻഡിഎ പാളയത്തിലേക്ക് ചേക്കേറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ കൺവീനറായേക്കും. രണ്ടു കേന്ദ്രമന്ത്രി സ്ഥാനവും നിതീഷിന്റെ പാർട്ടിക്കു വാഗ്ദാനം ചെയ്ത ബിജെപി, ജെഡിയുവിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവുമാണ് ജെഡിയുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം.

ഓഗസ്റ്റ് 19ന് ബിഹാർ തലസ്ഥാനമായ പട്നയിൽ നടക്കുന്ന ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം പാർട്ടിയുടെ എൻഡിഎ പ്രവേശനം നിതീഷ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജെഡിയുവിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്. ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ എതിർത്ത മുതിർന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും നീക്കി, നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആർ.പി.പി. സിങ്ങിനെ പകരക്കാരനായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജെഡിയു എൻഡിഎ പ്രവേശനത്തിന് കോപ്പുകൂട്ടുന്നത്.

അതേസമയം, ബിജെപി പിന്തുണയോടെ ബിഹാറിൽ സർക്കാർ രൂപീകരിച്ച നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ജെഡിയുവിന്റെ എൻഡിഎ പ്രവേശനം കേവലം സാങ്കേതികമായ ഒരു വിഷയം മാത്രമാണ്. പട്നയിൽ ജെഡിയു നിർവാഹക സമിതി യോഗത്തിൽ എൻഡിഎ പ്രവേശനം സംബന്ധിച്ച നിർദ്ദേശം നിതീഷ് കുമാർ തന്നെ മുന്നോട്ടുവയ്ക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു. പാർട്ടി ഒന്നടങ്കം ഈ തീരുമാനത്തെ പിന്താങ്ങും. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സഖ്യം ഭരിക്കുന്നത് ബിഹാറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനം ബിഹാറിനെ വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമനത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് 2013ൽ 17 വർഷം നീണ്ട എൻഡിഎ ബന്ധം അവസാനിപ്പിച്ചാണ് നിതീഷ് കുമാർ മറുചേരിയിലെത്തിയത്. എന്നാൽ, മഹാസഖ്യത്തിലെ സഖ്യകക്ഷിയായ ആർജെഡിയുമായുള്ള അഭിപ്രായ ഭിന്നതകളേത്തുടർന്ന് നിതീഷ് വീണ്ടും എൻഡിഎയിലേക്കു മടങ്ങുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സാധ്യതകളെ കൂടുതൽ ഉത്തേജിപ്പിക്കുന്നതാണ് നിതീഷ് കുമാറിന്റെ മടങ്ങിവരവ്. മാത്രമല്ല, നിതീഷ് കുമാറിന് രാഷ്ട്രീയപരമായും ഈ കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയിൽ ഇപ്പോഴും ന്യൂനപക്ഷമായ എൻഡിഎയ്ക്ക്, ഒൻപത് അംഗങ്ങൾ സ്വന്തമായുള്ള ജെഡിയുവിന്റെ മടങ്ങിവരവ് ഗുണം ചെയ്യും. ഇതിനു പുറമെ, രണ്ട് ലോക്സഭാംഗങ്ങളും ജെഡിയുവിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.