Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിച്ചാൽ മൂന്നു കേന്ദ്രമന്ത്രിക്കസേര നൽകാമെന്ന് അണ്ണാ ഡിഎംകെയോട് ബിജെപി

Edappadi-K-Palaniswami-and-modi തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ചയ്ക്കെത്തിയപ്പോൾ

ന്യൂഡൽഹി ∙ അണ്ണാ ഡിഎംകെ പളനിസാമി – പനീർസെൽവം പക്ഷങ്ങൾ ലയിച്ചാൽ എൻഡിഎയിൽ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാമെന്നു ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തു. ലയനശേഷം അണ്ണാ ഡിഎംകെയ്ക്ക് ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും രണ്ടു സഹമന്ത്രി സ്ഥാനങ്ങളും നൽകാമെന്നാണ് ഉറപ്പു നൽകിയിട്ടുള്ളത്. അണ്ണാ ഡിഎംകെ നേതാവ് എം.തമ്പിദുരൈ നിലവിൽ ലോക്സഭാ ഡപ്യൂട്ടി സ്പീക്കറുമാണ്.

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അണ്ണാ ഡിഎംകെ എതിർവിഭാഗം നേതാവ് ഒ.പനീർസെൽവവും കൂടിയാലോചനകൾക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹവും പങ്കെടുത്തു. അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി ടി.ടി.വി. ദിനകരനെ നിയോഗിച്ച പാർട്ടി തീരുമാനം അസാധുവാക്കി ലയനത്തിനുള്ള സാഹചര്യം ഒരുക്കാനാണു പളനിസാമിയുടെ നീക്കം. തിരഞ്ഞെടുപ്പു കമ്മിഷനുമായും പളനിസാമി ഇക്കാര്യത്തിൽ ചർച്ച നടത്തും.

ലയന തീരുമാനമുണ്ടായാൽ ബിജെപി അധ്യക്ഷൻ അമിത് ഷാ തമിഴ്നാട്ടിലെത്തി സഖ്യചർച്ച നടത്തുമെന്നാണു പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണിയിലുണ്ടാകണമെന്ന താൽപര്യം ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.