Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ ആയുധങ്ങൾ സജ്ജമെന്ന് ട്രംപ്; ആണവയുദ്ധത്തിലേക്കെന്ന് ഉത്തര കൊറിയ

Kim Jong Un and Donald Trump

വാഷിങ്‌‍ടൻ∙ യുദ്ധഭീതി വിതച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും  ഉത്തരകൊറിയ ഭരണകൂടവും പരസ്പരം പോർവിളി ശക്തമാക്കി. യുഎസ് സൈന്യം ആക്രമണത്തിനു സജ്ജമായെന്നാണ് ഇന്നലെ ട്രംപ് മുന്നറിയിപ്പു നൽകിയത്. കൊറിയൻ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണു ട്രംപ് നയിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു. 

ന്യൂജഴ്‌സിയിലെ ഗോൾഫ് റിസോർട്ടിൽ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ്, അമേരിക്കൻ സൈനികസജ്ജതയെ രൂക്ഷമായ ഭാഷയിലാണു വിശദീകരിച്ചത് ‘സൈനികപ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാൽ. കിം ജോങ് ഉൻ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’– ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ട്രംപിന്റെ വാക്കുകളെ മയപ്പെടുത്തി സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നയതന്ത്ര മാർഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണു വഴിയെങ്കിൽ അതിനു സന്നദ്ധമാണെന്നും വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ ഉത്തര കൊറിയ ആദ്യ ആക്രമണം നടത്തിയാൽ ചൈന നിഷ്പക്ഷത പാലിക്കുമെന്നാണ് ഇന്നലെ ചൈനാ സർക്കാർ പത്രം മുഖപ്രസംഗമെഴുതിയത്. 

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ഇരുരാജ്യങ്ങളോടും ചൈന അഭ്യർഥിച്ചു. യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാൻ നാലു മധ്യദൂര മിസൈലുകൾ ഈ മാസം മധ്യത്തോടെ സജ്ജമാകുമെന്നാണ് കഴിഞ്ഞദിവസം ഉത്തര കൊറിയയുടെ വാർത്താഏജൻസി അറിയിച്ചത്.

‘ഗുവാമിൽ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമിൽ കൈ വച്ചാൽ, മുൻപെങ്ങും കാണാത്തതാകും ഉത്തര കൊറിയയിൽ സംഭവിക്കുക’–ന്യൂ ജഴ്‌സിയിൽ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.