Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി: സിപിഎമ്മും കോൺഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കുമ്മനം

Kummanam Rajasekharan

തിരുവനന്തപുരം ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും കോൺഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പദ്ധതി സംബന്ധിച്ചുള്ള യഥാർഥ നിലപാട് ജനങ്ങളോട് തുറന്നു പറയാൻ രണ്ടു കൂട്ടരും തയ്യാറാകണം. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. പദ്ധതിക്കെതിരെ ജനരോഷം ശക്തമാണെന്ന് കണ്ടപ്പോൾ അതിനെ തണുപ്പിക്കാനാണ് രണ്ടു പാർട്ടികളിലേയും ഒരു വിഭാഗത്തെക്കൊണ്ട് എതിർ പ്രസ്ഥാവനകൾ നടത്തിക്കുന്നത്. പദ്ധതിക്കെതിരെ പ്രസ്ഥാവന നടത്തുമ്പോൾ തന്നെ പിൻവാതിലിൽ കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുത മന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നതും. എന്നാൽ, അതിരപ്പിള്ളി പദ്ധതിയ്ക്ക് കോണ്‍ഗ്രസ് എതിരാണെന്നാണ് നേരത്തെ രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതിൽ ഏതാണ് ജനം വിശ്വസിക്കേണ്ടതെന്ന് നേതാക്കൾ വ്യക്തമാക്കണം. 

സമവായത്തിലൂടെ പദ്ധതി നടപ്പാക്കണമെന്ന് ഇപ്പോൾ ഉമ്മൻചാണ്ടി പറയുമ്പോൾ കോൺഗ്രസ് അതിന് അനുകൂലമാണെന്നാണ് അർഥം. ഇതു തന്നെയാണ് ഇടതു പക്ഷത്തെ അവസ്ഥയും. പദ്ധതിക്കുള്ള പ്രാരംഭ നടപടികളുമായി മന്ത്രി മുന്നോട്ടു പോകുമ്പോൾ വി.എസ്. അച്യുതാനന്ദനും സിപിഐയും എതിർപ്പുമായി രംഗത്തു വരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.