Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികനടപടിക്കു മടിക്കില്ലെന്ന് ട്രംപിന്റെ ഭീഷണി; ഭ്രാന്തൻ ജല്‍പനമെന്ന് വെനസ്വേല

Donald Trump

വാഷിങ്ടൻ ∙ വെനസ്വേലയ്ക്കെതിരെ സൈനിക നടപടിക്കു മടിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ, ‘അതി തീവ്രവാദിയുടെ ഭ്രാന്തൻ ജൽപന’മെന്ന് പുച്ഛിച്ചു തള്ളി വെനസ്വേല. രാജ്യത്തിന്റെ പരമാധികാരത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാൻ വെനസ്വേലയുടെ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് വെനസ്വേലയുടെ പ്രതിരോധമന്ത്രി ജനറൽ പാഡ്രിനോ ലോപ്പസ് വ്യക്തമാക്കി. ഒരു തരത്തിലുമുള്ള വിദേശ ഇടപെടൽ വെനസ്വേലയിൽ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികളെ അപലപിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വേണ്ടിവന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകിയത്. ‘വെനസ്വേലയുടെ കാര്യത്തിൽ പല സാധ്യതകൾ മുന്നിലുണ്ട്. ഇതിൽ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല’– യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയശേഷം ട്രംപ് പറഞ്ഞു. മഡുറോയ്ക്കും ചില ഉദ്യോഗസ്ഥർക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീഷണിയുടെ സ്വരമുള്ള ട്രംപിന്റെ പ്രസ്താവന വെനസ്വേലയിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. എന്തുവിലകൊടുത്തും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്ന് വെനസ്വേല പ്രതിരോധമന്ത്രി വ്യക്തമാക്കിയപ്പോൾ, വൈദേശിക ഇടപെടലിനെതിരെ ഒന്നിക്കാൻ അവിടുത്തെ വിദേശകാര്യമന്ത്രി ജോർജ് അരേസ ജനങ്ങളെ ആഹ്വാനം ചെയ്തു. മേഖലയിലെ സമാധാനാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന തരത്തിൽ ലാറ്റിൻ അമേരിക്കയെയും കരീബിയൻ സമൂഹത്തെയും സംഘർഷത്തിലേക്കു വലിച്ചിഴയ്ക്കാനാണ് യുഎസിന്റെ ശ്രമമെന്നും ജോർജ് അരേസ ആരോപിച്ചു.

വെനസ്വേലയിൽ പുതുതായി തിരഞ്ഞെടുത്ത 545 അംഗ ഭരണഘടനാ അസംബ്ലിയിൽ മഡുറോയുടെ ഭാര്യയും മകനും ഉൾപ്പെടെ സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ മാത്രമാണുള്ളത്. രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതുകയാണ് അസംബ്ലിയുടെ ലക്ഷ്യം. ഇതോടെ മഡുറോ തികഞ്ഞ ഏകാധിപതിയായി മാറുമെന്നാണു ജനാധിപത്യ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പു നീതിപൂർവമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വൻ പ്രക്ഷോഭമാണു രാജ്യത്തു നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.