Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് കോഴ: അന്വേഷണ റിപ്പോർട്ട് ബിജെപി വെട്ടിത്തിരുത്തി

bjp-lotus

തിരുവനന്തപുരം∙ സ്വാശ്രയ മെഡിക്കൽ കോളജിലേക്കു കൂടുതൽ സീറ്റുകൾ അനുവദിക്കാൻ നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ നിന്നു വിവാദ ഭാഗങ്ങൾ നീക്കം ചെയ്തതായി സൂചന. സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് റിപ്പോർട്ടിൽ നിന്നു വെട്ടിയതിനു പുറമെ, കോഴയായി തുക നൽകിയെന്നതു കൺസൽറ്റൻസി ഫീസായി തിരുത്തുകയും ചെയ്തു.

റിപ്പോർട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമർപ്പിച്ചു. എന്നാൽ തിരുത്തും മുൻപുള്ള റിപ്പോർട്ട് അന്വേഷണ കമ്മിഷനിലെ ഒരംഗം ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു കൈമാറിയതിനാൽ ഇരു റിപ്പോർട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്ര നേതൃത്വം അന്വേഷിക്കുമെന്നാണു വിവരം.

റിപ്പോർട്ട് തിരുത്തുന്നതിലൂടെ, സംസ്ഥാന സർക്കാർ ആരംഭിച്ച വിജിലൻസ് അന്വേഷണവും നിഷ്ഫലമാകുമെന്നാണു പാർട്ടി സംസ്ഥാന നേതൃത്വത്തിനു ലഭിച്ച നിയമോപദേശം. ആദ്യം പുറത്തുവന്ന റിപ്പോർട്ട് വ്യാജമെന്നു വരുത്തിത്തീർക്കാനും സംസ്ഥാന നേതൃത്വത്തോടു ചേർന്നു നിൽക്കുന്നവർക്കെതിരെ നടപടി എടുക്കുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും.

സംസ്ഥാനത്തെ രണ്ടു പ്രമുഖ നേതാക്കൾ നേരിട്ടു ഡൽഹിയിലെത്തിയാണു തിരുത്തിയ റിപ്പോർട്ട് കൈമാറിയത്. അന്വേഷണ സമിതി അംഗമായ എ.കെ. നസീർ റജിസ്റ്റേർഡ് തപാലിലാണു റിപ്പോർട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രണ്ടു സംഘടനാ സെക്രട്ടറിമാർക്കും അയച്ചത്. ഇതിനു പുറമെ, റിപ്പോർട്ടിന്റെ പകർപ്പ് തന്റെ സ്വന്തം ഇ-മെയിൽ വിലാസത്തിൽ നിന്ന് ആലുവയിലെ ഹോട്ടലിന്റെ ഓഫിസ് ഇ-മെയിലിലേക്കും അയച്ചിരുന്നു.

റിപ്പോർട്ട് ചോർത്തൽ അന്വേഷണം വന്നപ്പോൾ, ഇതു കണ്ടെത്തുകയും നസീറാകാം വാർത്ത പുറത്തു വിട്ടതെന്നും സംശയം ഉയരുകയും ചെയ്തു. എന്നാൽ, പ്രിന്റ് എടുക്കുന്നതിനായി മുകൾനിലയിലെ ഓഫിസിൽ നിന്ന് താഴത്തെ നിലയിലെ പ്രിന്റർ സൗകര്യമുള്ള കംപ്യൂട്ടറിലേക്കു മെയിൽ കൈമാറിയെന്നാണു നസീർ നൽകിയ വിശദീകരണം. ഇതോടെയാണ് അന്വേഷണം വി.വി.രാജേഷിലേക്കു തിരിഞ്ഞതും നടപടി ഉണ്ടായതും.

പീഡനക്കേസിലെ അധ്യാപകൻ പാർട്ടി ഓഫിസ് സെക്രട്ടറി

വിദ്യാർഥിനികളെ പീഡിപ്പിച്ചതിനു റിമാൻഡിൽ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫിസ് സെക്രട്ടറിയാക്കി. സ്പെഷൽ ക്ലാസിനിടെ ഒട്ടേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണു പോക്സോ പ്രകാരം അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറിൽ കേസെടുത്തത്. തുടർന്നു സസ്പെൻഷനിലുമായി.

ഇൗയിടെ ജാമ്യത്തിലിറങ്ങിയതോടെയാണ് ഓഫിസിലെ നിയമനം. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ ഇയാളെ പുറത്താക്കണമെന്നു നേരത്തേ ആവശ്യമുയർന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വിസമ്മതിച്ചു. എന്നാൽ, ആർഎസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.