Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്ബുൽ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

Terrorists ഷോപ്പിയാനിൽ സൈന്യം കൊലപ്പെടുത്തിയ ഭീകരരായ ഉമർ മജീദ് മിർ, ഹിസ്ബുൽ കമാൻഡർ യാസീൻ ഇറ്റു എന്നിവർ. ചിത്രം: ട്വിറ്റർ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഹിസ്ബുൽ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണു ഞായറാഴ്ച രാവിലെ ഹിസ്ബുൽ കമാൻഡർ യാസീൻ ഇറ്റു ഉൾപ്പെടെ മൂന്നു പേരെ സൈന്യം വധിച്ചത്​. ഹിസ്ബുൽ മുജാഹിദീൻ കമാൻഡറും കശ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ അനുയായിയുമാണ് യാസീൻ ഇറ്റു എന്ന് പൊലീസ് പറഞ്ഞു. മേഖലയിൽ സൈനിക നടപടി തുടരുകയാണ്. 

സൈന്യം ഈ വർഷമാദ്യം പുറത്തുവിട്ട കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് യാസീൻ ഇറ്റു. ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് യാസീൻ ഇറ്റുവാണ്. ഇവരെക്കൂടാതെ ഉമർ മജീദ് മിർ, ഇർഫാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു ഡിഐജി ട്വിറ്ററിൽ അറിയിച്ചു. രഹസ്യവിവരത്തെതുടർന്നു ഭീകരരുടെ ഒളിത്താവളം വളഞ്ഞു സൈന്യം നടത്തിയ ഓപ്പറേഷനിലാണു മൂന്നു ഭീകരരെ വധിക്കാനായത്.

അതേസമയം, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മഹാരാഷ്ട്ര സ്വദേശി ഗവായ് സുമേദ് വമൻ, തമിഴ്നാട് സ്വദേശി പി. ഇളയരാജ എന്നീ സൈനികരാണു വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരുക്കേറ്റെന്നും സൈനിക വക്താവ് അറിയിച്ചു. സെയിൻപോര മേഖലയിലെ അവനീര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണു രണ്ട് സൈനികർക്കു ജീവൻ നഷ്ടമായത്.

ഇതിനിടെ, ശ്രീനഗറിലെ ദാൽഗേറ്റ് ബദ്യാരി ചൗക്കിലുണ്ടായ പെട്രോൾബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ പ്രദേശവാസി ഇംതിയാസ് അഹമ്മദ് ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരിച്ചു. ശനിയാഴ്ച സൈനിക നടപടിക്കിടെ സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ ഏഴ് നാട്ടുകാർക്കു പരുക്കേറ്റിരുന്നു. ആറ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ 132 ഭീകരരെയാണ് ഈ വർഷം ഇതുവരെ സൈന്യം ജമ്മു കശ്മീരിൽ വധിച്ചത്.