Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരായ യാത്രക്കാരെ അപമാനിച്ചു; ചൈനീസ് വിമാനക്കമ്പനിക്ക് എതിരെ പരാതി

China-Eastern-Airlines ചൈന ഈസ്റ്റേൺ എയർലൈൻസ്. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ആറിനു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവരുന്നത്.

ന്യൂഡൽഹിയിൽനിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ വിമാനം, ഷാങ്‌ഹായ് പുഡോങ്ങ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. വിമാനം മാറിക്കയറുന്നതിനായി പുറത്തിറങ്ങിയ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സത്‍നാം സിങ് ചഹാലാണ് വിമാന ജീവനക്കാരുടെ വഴിവിട്ട പെരുമാറ്റം കണ്ട് ഇക്കാര്യം ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വീൽചെയർ യാത്രക്കാർക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്കു കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോടു ഗ്രൗണ്ട് സ്റ്റാഫ് ബോധപൂർവം മോശമായി പെരുമാറിയെന്നാണ് സത്‍നാം സിങ് ചഹാലിന്റെ ആരോപണം.

അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷമാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. 'സിക്കിം അതിർത്തിയിൽ ഇന്ത്യ–ചൈന സംഘർഷമുള്ളതിനാൽ, ഇന്ത്യൻ യാത്രക്കാരെ കണ്ടതും എയർലൈൻ ജീവനക്കാരുടെ ശരീരഭാഷ മാറി. മോശം രീതിയിലാണ് അവർ യാത്രക്കാരോടു പെരുമാറിയത്. ഈ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരോടു ചൈനയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിക്കണം'- സുഷമ സ്വരാജിന് എഴുതിയ കത്തിൽ സത്‍നാം സിങ് ചഹാൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നു ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാത്രമല്ല. 'വിമാന ജീവനക്കാർ യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനമാണ്' നൽകിയതെന്നും സിൻഹുവ പറഞ്ഞു. പരാതിക്ക് ഇടയായ സംഭവം നടന്നിട്ടില്ലെന്നു ചൈന ഈസ്റ്റേൺ എയർലൈൻസ് അധികൃതരും നിലപാടെടുത്തു. എന്നാൽ, പരാതി കിട്ടിയ ഉടൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് സംഭവത്തിൽ ഇടപെട്ടു. ഇതോടെ ഷാങ്‌ഹായ് വിദേശകാര്യ മന്ത്രാലയവും പുഡോങ് വിമാനത്താവള അധികൃതരും നിലപാട് മാറ്റുകയും പരാതി അന്വേഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.