Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാചലിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനാപകടം; 50 പേർ മരിച്ചതായി റിപ്പോർട്ട്

Himachal-Landslide മണ്ണിടിച്ചിലിനെ തുടർന്ന് അപകടമുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ. (ചിത്രം: എഎൻഐ ട്വിറ്റർ)

ഷിംല ∙ ഹിമാചൽ പ്രദേശിലെ മാൻഡി–പത്താൻകോട്ട് എൻഎച്ച് 154ൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിയന്ത്രണം വിട്ട ബസുകൾ കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ രണ്ടു ബസുകളിലെ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.. ചാംബയിൽനിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയിൽനിന്ന് മണാലിക്കു വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.

ഒട്ടേറെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ പെട്ടതായി സൂചനയുണ്ട്. തിരക്കേറിയ എൻഎച്ച് 154ൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ അൻപതോളം യാത്രക്കാർ മരിച്ചതായി ഹിമാചൽ പ്രദേശ് ഗതാഗത മന്ത്രി ജി.എസ്. ബാലി സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് കഴിഞ്ഞ അർധരാത്രിയിൽ മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

മണ്ണിനടിയിൽപ്പെട്ട ഏഴോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള മാന്‍ഡി–അവൂട്ട് ദേശീയപാത 21 താൽക്കാലികമായി അടച്ചിട്ടു.