Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴയിൽ ഈ ‘വിജിലൻസ്’ പോരാ; അന്വേഷണം മറ്റ് ഏജൻസികളിലേക്ക്

BJP

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി നേതാക്കൾ കോഴവാങ്ങിയെന്ന ആരോപണത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്ന കേസ് മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്ക് കൈമാറിയേക്കും. വിജിലൻസിന്റെ അന്വേഷണപരിധിയിൽ വരുന്ന തെളിവുകൾ ഇതുവരെ ലഭിക്കാത്തതിനാൽ ക്രൈംബ്രാഞ്ചിനോ സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന മറ്റ് ഏജൻസികൾക്കോ അന്വേഷണം കൈമാറാനാണ് ആലോചിക്കുന്നത്. 

കോഴവിവാദത്തിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന സതീഷ് നായരോട് 24ന് ഹാജരാകാൻ വിജിലൻസ് നിർദേശിച്ചിട്ടുണ്ട്. ഇയാളുടെ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് വിജിലൻസ് പറയുന്നത്. ഇതിനുശേഷമായിരിക്കും അന്വേഷണം കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

അന്വേഷണ കമ്മിഷൻ അംഗങ്ങൾ, ആരോപണവിധേയനായ ബിജെപി സഹകരണസെൽ മുൻ കൺവീനർ ആർ.എസ്.വിനോദ്, മെഡിക്കൽകോളജ് ഉടമ, കോളജ് ജീവനക്കാര്‍ തുടങ്ങിയവരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കോഴ ഇടപാട് സാധൂകരിക്കുന്ന തരത്തിൽ ഇതുവരെ ആരും വിജിലൻസിന് മൊഴിനൽകിയിട്ടില്ല. 25 ലക്ഷംരൂപ കൺസൾട്ടൻസി ഫീസായി കൈമാറിയെന്നും, സാമ്പത്തികനേട്ടം ഉണ്ടായിട്ടില്ലെന്നുമാണ് ആർ.എസ്.വിനോദ് വിജിലൻസിനു മൊഴി നൽകിയത്. കേസിൽ മൊഴിനൽകാൻ ഹാജരാകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണു പാർട്ടി ആലോചിക്കുന്നത്. 

‘വിജിലൻസിന് പരിമിതികളുണ്ട്. ആരോപണവിധേയരിൽ ആരെയും വിജിലൻസിന്റെ അന്വേഷണപരിധിയിൽ വരുത്താനുള്ള തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ല. പൈസ കോഴയായി വാങ്ങിയോ അല്ലെങ്കിൽ കൊടുത്തോ എന്നു സതീശ് നായർ പറഞ്ഞാലേ കേസ് വിജിലൻസ് പരിധിയിൽവരൂ. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികൾക്ക് കൈമാറും. സാമ്പത്തികതട്ടിപ്പ് അന്വേഷിക്കാനുള്ള അധികാരം വിജിലൻസിനില്ല’–വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനോട് പറഞ്ഞു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി ലഭിക്കാൻ കേരളത്തിലെ ബിജെപി നേതാക്കളിൽ ചിലർ 5.6 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ബിജെപി വൈസ് പ്രസിഡന്റ് ശ്രീശൻ, സെക്രട്ടറി എ.കെ.നസീർ എന്നിവരടങ്ങുന്ന കമ്മിഷനാണ് പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോർട്ടു നൽകിയത്. 

ബിജെപി സഹകരണസെൽ കൺവീനർ വിനോദ് ഡൽഹിയിലുള്ള സതീഷ് നായർക്ക് കുഴൽപ്പണമായി പണം കൈമാറിയെന്നാണ് ആരോപണം. റിപ്പോർട്ട് പുറത്തായതോടെ സിപിഎമ്മിന്റെ തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലർ എ.ജെ.സുക്കാർണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.