Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെയിലെ പ്രശ്നങ്ങൾ: മോദി മധ്യസ്ഥനല്ലെന്ന് ഒപിഎസ് പക്ഷം

o-pannerselvam-pm-modi-meet

ന്യൂഡൽഹി ∙ അണ്ണാ ഡിഎംകെ പളനിസ്വാമി– പനീർസെൽവം വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി പനീർസെൽവം വിഭാഗം. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടുന്നുവെന്നത് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് അണ്ണാ ഡിഎംകെ രാജ്യസഭാ എംപി വി.മൈത്രേയൻ പറഞ്ഞു. അണ്ണാ ഡിഎംകെ നേതാവും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ഒ. പനീർസെൽവം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതികരണം.

പളനിസ്വാമി– പനീർസെൽവം വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മോദിയുടെ മധ്യസ്ഥതയിൽ ശ്രമം നടക്കുന്നുവെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടുദിവസം മുൻപ്, നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പനീർസെൽവം കൂടി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുപക്ഷവും ഒന്നിച്ച് എൻഡിഎ സഖ്യത്തിൽ എത്തുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തിന്റെ അവസ്ഥയും പാർട്ടി അണികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ മോദിയുമായി പങ്കുവച്ചുവെന്ന് പനീർസെൽവം പ്രതികരിച്ചു. പളനിസ്വാമി വിഭാഗവുമായുള്ള പ്രശ്നങ്ങൾ ചർച്ചയായോ എന്നു ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ തയാറായില്ല. ജനങ്ങൾക്കും സംസ്ഥാനത്തിനും ഗുണം ചെയ്യുന്ന കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും പനീർസെൽവം പറഞ്ഞു.

അതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ രംഗത്തെത്തി‍. ഭരണം നിലനിര്‍ത്തുന്നതിനുവേണ്ടി പളനിസ്വാമി എംഎല്‍എമാരെ പറ്റിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സംസ്ഥാന യാത്രയുടെ വേദിയിലുണ്ടാകും. എടപ്പാടി വിഭാഗം തെറ്റുകള്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ദിനകരൻ വ്യക്തമാക്കി.

related stories