Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായി: കമൽഹാസന്റെ വെളിപ്പെടുത്തൽ

Kamal Haasan

ചെന്നൈ∙ മകളെ തട്ടിക്കൊണ്ടുപോകാൻ ചിലർ പദ്ധതിയിട്ടിരുന്നതായി നടൻ കമലഹാസന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് മക്കളാണ് കമൽഹാസനുള്ളത്.

തന്റെ പ്രശസ്തമായ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നുപറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മഹാനദിയുടെ കഥയും തിരക്കഥയും ഒരുക്കിയത് കമൽ ആയിരുന്നു. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സിനിമയാണിത്. നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാർക്ക് വിൽക്കുന്നതാണു സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.

'മഹാനദിയുടെ പ്രമേയം വലിയ ചർച്ചയായിരുന്നു. ഇതുവരെ മഹാനദി എഴുതാനുണ്ടായ പ്രചോദനത്തെപ്പറ്റി ഞാൻ തുറന്നുപറഞ്ഞിട്ടില്ല. ഇപ്പോൾ മക്കൾ മുതിർന്നിരിക്കുന്നു. അവർക്കു ഈ ലോകത്തിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വതയുണ്ട്. മക്കളുടെ കുട്ടിക്കാലത്താണ് സംഭവം. വീട്ടിലെ ജോലിക്കാർ ചേർന്നാണ് തട്ടിപ്പിന് പദ്ധതിയിട്ടത്. മകളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാനാണ് അവർ ആലോചിച്ചത്.

പക്ഷെ അവസാനനിമിഷം അവരുടെ പദ്ധതി ഞാൻ മനസ്സിലാക്കി. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ, മകളുടെ സുരക്ഷയെ കുറിച്ചോർത്ത് അവരെ കൊല്ലാൻവരെ തോന്നി. പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന്റെ ആഘാതം വിട്ടുപോയില്ല. അങ്ങനെയാണ് എഴുതാനിരുന്നപ്പോൾ ഈ സംഭവം സിനിമയാക്കാമെന്നു കരുതിയത്. എന്റെ ഭയമായിരിക്കും ഇങ്ങനെയൊരു തിരക്കഥയിലേക്ക് നയിച്ചത്.- കമൽഹാസൻ പറഞ്ഞു.