Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴ: ഒത്തുതീർപ്പിനു ബിജെപി, രമേശിന്റെ പേരൊഴിവാക്കാൻ കേന്ദ്ര നിർദേശം

Kummanam Rajasekharan, MT Ramesh

തിരുവനന്തപുരം∙ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദം ഒത്തുതീർക്കാൻ ബിജെപി നീക്കം തുടങ്ങി. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാനും അതിനനുസൃതമായി വിജിലന്‍സിനു മൊഴി നല്‍കാനും ദേശീയനേതൃത്വം നിര്‍ദേശിച്ചെന്നാണു വിവരം. എം.ടി. രമേശിന്റെയും സതീശ് നായരുടെയും പേരുകള്‍ ഒഴിവാക്കും. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കമ്മിഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. വിജിലൻസ് അന്വേഷണത്തിൽനിന്ന് രക്ഷപെടുന്നതിനുള്ള നീക്കമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മെഡിക്കൽ കോഴയിലെ യഥാർഥ റിപ്പോര്‍ട്ട് വിജിലൻസിനു കൈമാറിയാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം.ടി.രമേശും നിയമനടപടികൾ നേരിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാൻ എം.ടി.രമേശിനെതിരായ പരാമർശങ്ങൾ റിപ്പോർട്ടിൽനിന്നു പൂർണമായും നീക്കും. എം.ടി.രമേശിനെതിരായ ഷാജിയുടെ മൊഴിയും കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പഴ്സനൽ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോർട്ടിൽനിന്ന് ഒഴിവാക്കും. കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് സതീശിന്റെ പേര് നയിച്ചേക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പേരുകൾ നീക്കം ചെയ്യുന്നത്.

പുതിയ റിപ്പോർട്ടിനനുസരിച്ച് വിജിലൻസിനു മൊഴി നൽകാൻ കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവർക്ക് കേന്ദ്രനേതൃത്വം നിർദേശം നൽകി. ഈമാസം 22നാണ് ഇരുവരും മൊഴി നൽകുന്നത്. നേരത്തെ ഹാജരാകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ട് ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന എ.കെ.നസീറിനെതിരായ നടപടി തിരുത്തിയിട്ടുണ്ട്.

related stories