Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയേറ ലിയോണിൽ പ്രളയവും മണ്ണിടിച്ചിലും: 400 മരണം, 600 പേരെ കാണാനില്ല

Sierra Leone

ഫ്രീടൗൺ∙ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 ആയി. അറന്നൂറോളം പേരെ കാണാതായെന്നും റെഡ്ക്രോസ് അറിയിച്ചു. മരങ്ങളും കെട്ടിടങ്ങളും വീണും റോഡുകളും വീടുകളും തകർന്നും രാജ്യത്ത് വലിയതോതിൽ നാശനഷ്ടമുണ്ടായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. പ്രളയബാധിത മേഖലയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പ്രസിഡന്റ് അഭ്യർഥിച്ചു. സൈന്യവും ദുരന്തനിവാരണസേനയും തിരച്ചിൽ തുടരുകയാണ്.

Sierra Leone

രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ റീജന്റ് ഭാഗത്തെ വലിയ കുന്ന് കനത്തമഴയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ചാണ് ദുരന്തമുണ്ടായത്. ചെളിയിൽ അകപ്പെട്ടുപോയവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ 3000 പേർക്കെങ്കിലും വീട് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം. ഞായറാഴ്ച മുതൽ ഇവിടെ കനത്ത മഴയാണ്.

'നൂറുകണക്കിന് ആളുകളാണ് തകർന്ന കെട്ടിടങ്ങൾക്കടിയിൽ അകപ്പെട്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണിത്. ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. പ്രളയത്തിൽ അകപ്പെട്ട നാട്ടുകാരെ രക്ഷിക്കാനും സുരക്ഷാപ്രദേശത്തേക്ക് മാറ്റാനും ശ്രമിക്കുകയാണ്.'- സിയേറ ലിയോൺ വൈസ് പ്രസിഡന്റ് വിക്ടർ ഫോ പറഞ്ഞു. താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. മഴ മാറി വെള്ളം താഴ്ന്നാൽ മാത്രമേ മരിച്ചവരുടെ എണ്ണവും അപകട തീവ്രതയും കൃത്യമായി കണക്കാക്കാനാകൂ.

Sierra Leone

1.2 മില്യൺ ജനം പാർക്കുന്ന തീരദേശ നഗരമാണ് ഫ്രീടൗൺ. മഴ രൂക്ഷമാകുന്നതോടെ കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾ ഇവിടെ പടരാറുണ്ട്. സമുദ്രനിരപ്പിനോടു സമമായി നിർമിക്കുന്ന വീടുകളിൽ സൗകര്യങ്ങൾ പരിമിതമാണ്. തകരപ്പാളികൾ മേഞ്ഞതാണ് മിക്ക വീടുകളും. 2015ൽ ഫ്രീടൗണിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി. 2014ൽ എബോള രോഗവും സിയേറ ലിയോണിനെ പിടിച്ചുലച്ചു. നാലായിരത്തിലധികം പേരാണ് എബോള ബാധിച്ചു മരിച്ചത്. രാജ്യത്തെ 60 ശതമാനത്തിൽ അധികം ജനങ്ങളും ദാരിദ്യരേഖയ്ക്കു താഴെയാണെന്ന് യുഎൻ രേഖകൾ പറയുന്നു.