Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടിന്റെ നിർണായക ഫയലുകൾ കാണാനില്ല

Lake Palace Resort

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ റിസോർട്ടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായി. ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മുനിസിപ്പാലിറ്റിയിൽ റിസോർട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്.

ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഒാര്‍ഡർ നൽകി. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും അറിയിച്ചു. അതിനിടെ, മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പതിനഞ്ചു മാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടിയുടെ വിശദീകരിച്ചു. ഒരു സെന്റ് ഭൂമിപോലും കയ്യേറിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എൻസിപി യോഗത്തിൽ ഇതു സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാര്‍‌ത്താണ്ഡം കായലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാര്‍ച്ച് നടത്തി. മണ്ണിട്ട് നികത്തിയ ഭൂമിയില്‍ കൊടികുത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.