Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികില്‍സ കിട്ടാതെ മരിച്ച മുരുകന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം

Murukan-Family ചികിൽസ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ.

തിരുവനന്തപുരം ∙ ചികില്‍സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. മുരുകന്‍റെ കുടുംബം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. മുരുകന്റെ രണ്ടു മക്കൾക്കും അഞ്ചു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. മുഴുവൻ പണവും ഒരുമിച്ചു നൽകുന്നതിനു പകരം പത്തു ലക്ഷം രൂപ മുരുകന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇതിന്റെ പലിശ കുടുംബത്തിനു ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.

നേരത്തെ, മുരകുന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനിടെ, നിയമസഭയ്ക്ക് മുന്നില്‍ വച്ച് മുരുകമ്മാളിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുരുകന്റെ കുടുംബാംഗങ്ങൾ തന്നെ കാണാനെത്തിയ വിവരം സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രി കുറിച്ച വാക്കുകളിങ്ങനെ:

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്‍റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും.

Pinrayi-Murukans-Family മുരുകന്റെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. (മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച ചിത്രം.)

മുരുകന്‍റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ഇന്നു കാലത്ത് സന്ദര്‍ശിച്ചിരുന്നു. അവരിൽ നിന്നും കുടുംബത്തിന്‍റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. 25 വര്‍ഷമായി കൊല്ലത്ത് കറവക്കാരനായി ജോലി ചെയ്തിരുന്ന ആളാണ് മുരുകന്‍. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, തിരുനെല്‍വേലി തിസൈന്‍ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലര്‍ മാരിമുത്തു, മുരുകന്‍റെ രണ്ടു മക്കള്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

related stories