Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ‘കയറിക്കളിക്കാൻ’ പാക്കിസ്ഥാന് ഇടം നൽകിയത് മോദി സർക്കാർ: രാഹുൽ

rahul-modi

ബെംഗളൂരു ∙ ജമ്മു കശ്മീരിൽ ‘കയറിക്കളിക്കാൻ’ പാക്കിസ്ഥാന് ഇടം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികലമായ കശ്മീർ നയമാണെന്ന വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. കശ്മീർ പ്രശ്നത്തിനുള്ള പരിഹാരം സംഘർഷമല്ലെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ്, എൻഡിഎ സർക്കാരിന്റെ കശ്മീർ നയത്തെ പരിഹസിച്ച് രാഹുൽ രംഗത്തെത്തിയത്. സാധാരണക്കാർക്ക് വിലക്കുറവിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസിന്റെ കർണാടക ഘടകം ആരംഭിച്ച ‘ഇന്ദിരാ കാന്റീൻ’ ഉദ്ഘാടനത്തിനായി ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.

2004ൽ അടൽ ബിഹാരി വാജ്പേയിയിൽനിന്നും കോൺഗ്രസ് അധികാരം ഏറ്റെടുക്കുമ്പോൾ കശ്മീർ കത്തുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനായി യുപിഎ സർക്കാർ 10 വർഷം കഷ്ടപ്പെട്ടു. കശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തിയും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സ്ത്രീ ശാക്തീകരണത്തിനുള്ള നടപടികൾ സ്വീകരിച്ചുമാണ് സമാധാനാന്തരീക്ഷം കോൺഗ്രസ് കൊണ്ടുവന്നത്. ഇതിനായി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം താനും പി. ചിദംബരം, ജയറാം രമേശ് തുടങ്ങിയ നേതാക്കളും ഏറെ കഷ്ടപ്പെട്ടു. 10 വർഷം കഷ്ടപ്പെട്ടാണ് കശ്മീരിൽ കോൺഗ്രസ് സമാധാനം പുനഃസ്ഥാപിച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കശ്മീരിലെ ജനങ്ങളെ നമുക്കു വേണമായിരുന്നു. അവർക്ക് നമ്മളെയും. അതിന് അവിടെ സമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. അവിടെ സമാധാനമുള്ളപ്പോൾ പാക്കിസ്ഥാന് കശ്മീരികളെ സ്വാധീനിക്കാനോ രാജ്യത്തിനെതിരെ അവരെ തിരിച്ചുവിടാനോ സാധ്യമായിരുന്നില്ല – രാഹുൽ പറഞ്ഞു. പത്തു വർഷം കൊണ്ട് കശ്മീരികൾക്കായി യുപിഎ സർക്കാർ ചെയ്തതെല്ലാം വെറും ഒരു മാസം കൊണ്ട് മോദി സർക്കാർ താറുമാറാക്കിയെന്നും രാഹുൽ ആരോപിച്ചു. സമാധാനം കളിയാടുന്ന കശ്മീരായിരുന്നു പാക്കിസ്ഥാനെ എക്കാലവും അലട്ടിയിരുന്നത്. കശ്മീരിലെ സമാധാനാന്തരീക്ഷം താറുമാറാക്കിയ മോദി സർക്കാർ, പാക്കിസ്ഥാന് അവിടെ സ്വാധീനം നേടാൻ ഇടമൊരുക്കിയെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യൻ ജനതയുടെ വികാരങ്ങളെ പ്രതിനിധീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ട ആളാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒരു പ്രധാനമന്ത്രിയെപ്പോലെ മോദി പെരുമാറേണ്ട സമയം അതിക്രമിച്ചതായും കോൺഗ്രസ് ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചത് മോദി സർക്കാരാണെന്നും രാഹുൽ ആരോപിച്ചു.

related stories