Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപദ്വീപിൽ യുദ്ധമുണ്ടാകാനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയൻ പ്രസിഡന്റ്

South-Korean-President-Moon-Jae-in ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ–ഇൻ

സോൾ ∙ ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നയങ്ങൾ സമാനമാണെന്നും കൊറിയൻ ഉപദ്വീപുകളിൽ യുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയില്ലെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ. അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൂണിന്റെ പ്രതികരണം.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തുകയാണെങ്കിൽ ദക്ഷിണ കൊറിയയുമായി ആലോചിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ സമ്മർദമുണ്ടെങ്കിലും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹം. ഈ വിഷയത്തിൽ യുഎസിന്റെയും ഞങ്ങളുടെയും അഭിപ്രായം ഒന്നുതന്നെയാണ് – മൂൺ പറഞ്ഞു.

ഉത്തര കൊറിയ തുടർച്ചയായി നടത്തുന്ന ആണവ പരീക്ഷണങ്ങളെ മൂൺ ജേ ഇൻ വിമർശിച്ചു. ഉത്തര കൊറിയ പ്രകോപനം തുടർന്നാൽ, കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. സാഹസത്തിന് മുതിർന്ന് അപകടം വരുത്തിവയ്ക്കരുതെന്നും മൂൺ വ്യക്തമാക്കി. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.