Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രുക്കളെ വരുതിയിലാക്കാൻ ഇന്ത്യ; ആറ് അപ്പാഷെ ഹെലിക്കോപ്റ്ററുകൾ വാങ്ങുന്നു

AH-64 Apache

ന്യൂഡൽഹി∙ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്രമണകാരിയായ അപ്പാഷെ ഹെലിക്കോപ്റ്ററുകൾ ഇന്ത്യൻ സേനയ്ക്ക് സ്വന്തമാകുന്നു. യുഎസ് നിർമിതമായ ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ ആറുമാസത്തിനുള്ളിൽ വാങ്ങുന്നതിനാണ് പദ്ധതി. 4170 കോടി (655 മില്യൺ ഡോളർ) രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2021 ഓടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനായ ഡിഫൻസ് അക്വസിഷൻ കൗൺസിൽ (‍ഡിഎസി) ആണ് നിർണായകമായ തീരുമാനമെടുത്തത്. 

ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായി അറിയപ്പെടുന്ന അപ്പാഷെ ഹെലിക്കോപ്‌റ്റർ 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ കുവൈത്തിലെ ഇറാഖി സൈനികനിരകൾക്കു കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും അപ്പാഷെയിലുണ്ട്. 

കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമാണ് ഈ ലഘുപീരങ്കി. ആയുധമില്ലാത്തപ്പോൾ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 311 കിലോമീറ്ററാണ്. യുദ്ധഭൂമിയിൽ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാൻഡ്-കൺട്രോൾ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലിക്കോപ്‌റ്ററുകളും പറക്കാറുണ്ട്.