Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗത്തിന് ഇരയായി ഗർഭിണിയായ പത്തു വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി

Representative image Representative image

ചണ്ഡിഗഡ് ∙ മാനഭംഗത്തിന് ഇരയായി ഗർഭിണിയായ 10 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകി. ചണ്ഡിഗഡിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. 2.5 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനിച്ച കുഞ്ഞിനെ ദത്ത് നൽകാൻ തയാറാണെന്ന് പത്തുവയസുകാരിയുടെ രക്ഷിതാക്കൾ പറഞ്ഞു. കുഞ്ഞിനെ ദത്തെടുക്കാൻ ആരെങ്കിലും എത്തുന്നതുവരെ ശിശുസംരക്ഷണ സമിതിക്കു കൈമാറും.

ഗർഭച്ഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേസമയം, സ്വന്തം ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്ന വിവരം തിരിച്ചറിയാൻ പോലും പ്രായമെത്തും മുൻപാണ് ഈ പത്തുവയസ്സുകാരി അമ്മയായിരിക്കുന്നത്. വയറു വീർത്തുവരുന്നതിനു കാരണം ‘വലിയൊരു കല്ലാണ്’ എന്നാണ് കുട്ടി കരുതിയിരുന്നത്.

അമ്മയുടെ സഹോദരനാണ് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കഴിഞ്ഞ ഏഴുമാസത്തിനിടെ പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വയറിന് പ്രശ്നങ്ങൾ തോന്നിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിൽ ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഗർഭച്ഛിദ്രത്തിനായി ചത്തിസ്ഗഢിലെ കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ഗർഭസ്ഥ ശിശുവിന് 32 ആഴ്ചപ്രായമായ സാഹചര്യത്തിലാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ഗർഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെൺകുട്ടി പിന്നിട്ടുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗർഭസ്ഥശിശുവിന് 26 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കീഴ്ക്കോടതി അപേക്ഷ തള്ളിയത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത പക്ഷം, 20 ആഴ്ച പ്രായം വരെയേ ഗർഭം അലസിപ്പിക്കാൻ കോടതികൾ അനുവാദം നൽകാറുള്ളൂ.

related stories