Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

INDIA-JAYALALITHAA/

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പോയസ് ഗാർഡൻ സർക്കാർ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. പനീർസെൽവത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. തുടർന്ന് ലയനം പൂർത്തിയാക്കാൻ പനീർസെൽവം മുന്നോട്ടുവച്ചിരുന്ന നിർദേശങ്ങളിലൊന്നുമിതായിരുന്നു.

2016 ഡിസംബർ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്റ്റംബർ 22നു കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നാലിനു വൈകിട്ട് ഹൃദയാഘാതമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത് എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. എന്നാൽ, ഇതിനു വിപരീതമായി ചില അനിഷ്ട സംഭവങ്ങളിൽ പോയസ് ഗാർഡനിൽ ഉണ്ടായെന്നാണ് ശശികല വിരുദ്ധ പക്ഷം ആരോപിക്കുന്നത്.

related stories