Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമത്തെ ആക്രമണം തടഞ്ഞ് സ്പാനിഷ് പൊലീസ്; ബാർസിലോനയിൽ മരിച്ചത് 13 പേർ

Barcelona attack ബാർസിലോനയിൽ ഭീകരാക്രമണമുണ്ടായ തെരുവിൽ പരിശോധന നടത്തുന്ന പൊലീസുകാർ.

മഡ്രിഡ്∙ സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാർസിലോനയിൽ ആളുകൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റി ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണം. ഇതിനുശേഷം വാഹനത്തിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു മറ്റൊരാൾ അറസ്റ്റിലുമായി. ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു.

അതേസമയം, രണ്ടാമതൊരു ആക്രമണത്തിനു കോപ്പുകൂട്ടിയിരുന്ന നാലംഗ സംഘത്തിലെ എല്ലാവരെയും വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കാംബ്രിൽസ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്നു സംഘമെന്നാണ് പൊലീസ് നൽകുന്ന വിവരം. കാംബ്രിൽസ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്.

ആദ്യ ആക്രമണം നടന്ന സെൻട്രൽ ബാർസിലോനയിലെ ലാസ് റാംബ്‌ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാൻ കൂടി പൊലീസ് നഗരപ്രാന്തത്തിൽനിന്നു കണ്ടെത്തി. ഇന്ത്യക്കാർ ആരും ഉൾപ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളിൽ കഴിയാനും നിർദേശം നൽകി. 2004ൽ മഡ്രിഡിൽ ട്രെയിനിൽ അൽ ഖായിദ നടത്തിയ ബോംബ് സ്ഫോടനത്തിൽ 191 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളിൽ നൂറിലേറേപ്പേരാണു നീസ്, ബെർലിൻ, ലണ്ടൻ, സ്റ്റോക്കോം എന്നിവിടങ്ങളിൽ മരിച്ചത്.

വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷി മൊഴി

‘ഞാൻ ആളുകളുടെ നിലവിളി കേട്ടു. ആൾക്കൂട്ടത്തിനു നടുവിലൂടെ വാൻ പാഞ്ഞുകയറുകയായിരുന്നു.’ദൃക്‌സാക്ഷികളിലൊരാൾ പറയുന്നു. സംഭവസ്ഥലത്തുനിന്നു വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. സായുധരായ രണ്ടുപേർ സ്ഥലത്തെ ബാറിൽ ഒളിച്ചിട്ടുള്ളതായി വാർത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്‌ലാസ് 1.2 കിലോമീറ്റർ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്. ഇവിടെ കാൽനട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാൻ അമിതവേഗത്തിൽ ഓടിച്ചുകയറ്റിയത്. ബാർസിലോനയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയമാണിത്. കുറഞ്ഞത് 1.1 കോടി സഞ്ചാരികളാണു പ്രതിവർഷം ബാർസിലോനയെത്തുന്നത്.