Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസ് തകർച്ച; വിദ്യാർഥികൾക്കു മുന്നിലിട്ട് അധ്യാപികയെ തീകൊളുത്തി

Fire

ബെംഗളൂരു∙ അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കു മുന്നിൽവച്ച് അധ്യാപികയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കെ.ജി.സുനന്ദ (50) ആണ് ബിസിനസ് പങ്കാളിയുടെ ആക്രമണത്തിന് ഇരയായത്. ബിസിനസിലെ തകർച്ചയാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരിവിൽനിന്ന് 55 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ സ്കൂളിലാണു സംഭവം.

ശരീരത്തിൽ 70 ശതമാനം പൊള്ളലോടെ കെ.ജി.സുനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമാണെന്നും അധ്യാപിക നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ആക്രമണം നടത്തിയ രേണുകാരധ്യയ്ക്കായി പൊലീസ് തിരിച്ചിൽ ആരംഭിച്ചു. അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠം അധ്യാപികയാണ് സുനന്ദ.

'ഉച്ചയ്ക്ക് രണ്ടുമണിയോടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരാൾ ഒച്ചവെച്ച് ക്ലാസിലേക്ക് കയറിവന്നു. അധ്യാപികയുമായി ഇയാൾ കയർത്തു സംസാരിച്ചു. അയാളോട് ക്ലാസിൽനിന്നു പുറത്തുപോകാൻ അധ്യാപിക ആവശ്യപ്പെട്ടു. അപ്പോൾ തന്റെ കയ്യിലുള്ള കുപ്പി തുറന്ന് എന്തോ അധ്യാപികയുടെ ദേഹത്തൊഴിച്ചു. തീപ്പെട്ടിയുരച്ച് ടീച്ചറെ തീയിട്ടു. ഞങ്ങളാകെ പേടിച്ചുവിറച്ച് കരഞ്ഞു'- സംഭവത്തിനു സാക്ഷികളായ കുട്ടികളിലൊരാൾ പറഞ്ഞു.

പുറത്തോക്കോടിയ കുട്ടികൾ മറ്റ് അധ്യാപകരോടു കാര്യം പറയുകയായിരുന്നു. ഇവരാണ് സുനന്ദയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടയിൽ ആക്രമി രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ബിസിനസിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

related stories