Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎയുടെ വിവാദ തീം പാർക്ക് അതീവ പരിസ്ഥിതി ലോല പ്രദേശത്ത്

anwar-water-park

നിലമ്പൂർ/കോഴിക്കോട് ∙ പി.വി. അൻവർ എംഎൽഎ വാട്ടർ തീം പാർക്ക് നിർമിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത്. അപകട സാധ്യത ഏറെയുള്ള പ്രദേശമെന്ന് ദുരന്ത നിവാരണ വകുപ്പ് രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ് കക്കാടംപൊയിൽ.

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ മഴക്കുഴി പോലും പാടില്ലെന്ന നിർദേശം ലംഘിച്ചാണ് മലകളുടെ വശങ്ങൾ ഇടിച്ച് പാർക്ക് നിർമിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി ദുർബല പ്രദേശമല്ലെന്ന വാദമുയർത്തി കക്കാടംപൊയിൽ മേഖലയിൽ വ്യാപകമായി കുന്നുകളിടിക്കുന്നത്.

ദുരന്ത നിവാരണ വകുപ്പ് 2016ലാണ് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടത്തിൽ കക്കാടംപൊയിലിനെയും അടയാളപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ പാലിക്കേണ്ട നിർദേശങ്ങളും നൽകി. വൻ നിർമാണങ്ങൾ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത വർധിപ്പിക്കുമെന്നും വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാട്ടർ തീം പാർക്കിൽ വിവിധ കുളങ്ങളിലായി 2.5 ലക്ഷം ലീറ്റർ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. കക്കാടംപൊയിലിൽ മുൻപ് ഉരുൾപൊട്ടലും മണ്ണിടി‍ച്ചിലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും പ്രദേശത്ത് വ്യാപകമായ അനധികൃത നിർമാണങ്ങൾക്കും മലയിടിക്കലിനും എതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

വെണ്ടേക്കംപൊയിലിൽ 33 ഏക്കറിൽ മലയിടിച്ച് കുളം നിർമിച്ചത് അടുത്തിടെയാണ്. മലനീകരണ നിയന്ത്രണ ബോർഡ് അനുമതി റദ്ദാക്കിയെങ്കിലും വാട്ടർ തീം പാർക്ക് ഇന്നലെ പ്രവർത്തിച്ചു. സന്ദർശകർക്ക് പ്രവേശനം നൽകി. അനുമതി റദ്ദാക്കി ബോർഡിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പാർക്കിന് ലൈസൻസ് അനുവദിച്ച കൂടരഞ്ഞി പഞ്ചായത്ത് അധികൃതരുടെ വാദം.

വാട്ടർ തീം പാർക്കിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പൊലീസ് വലയം ഭേദിച്ച് ഉള്ളിൽക്കടന്ന പ്രവർത്തകർ സെക്രട്ടറി ഇല്ലാത്തതിനെതുടർന്ന് അസി. സെക്രട്ടറി ജിനചന്ദ്രനെ തടഞ്ഞുവച്ചു.

ഏറെസമയം നീണ്ട ഉപരോധത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളുമായി നടന്ന ചർച്ചയെത്തുടർന്ന് ഇന്ന് മൂന്നിന് അടിയന്തര യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.

related stories