Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന പ്രദീപ് ശർമ തിരികെ സർവീസിലേക്ക്

Encounter specialist Pradeep Sharma

മുംബൈ∙ മുംബൈ അധോലോകത്തെ ഒരുകാലത്ത് വിറപ്പിച്ചിരുന്ന ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ മഹാരാഷ്ട്ര പൊലീസ് സർവീസിലേക്കു തിരിച്ചെടുത്തു. അധോലോക ഗുണ്ടാ സംഘങ്ങളിലെ 113 പേരെ 25 വർഷത്തിനിടെ വധിച്ച പ്രദീപ് ശർമയെ ഒൻപതു വർഷങ്ങൾക്കു ശേഷമാണ് സേനയിലേക്ക് തിരിച്ചെടുക്കുന്നത്. അതേസമയം, പ്രദീപിന്റെ ഔദ്യോഗിക സ്ഥാനം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അധോലോക ബന്ധവും അവിഹിത സമ്പാദ്യവും ആരോപിച്ചാണു 2008ൽ പ്രദീപ് ശർമയെ സർവീസിൽനിന്നു പുറത്താക്കിയത്. 3000 കോടി രൂപയോളമാണ് ശർമയുടെ സമ്പാദ്യമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സർവീസിൽനിന്ന് പുറത്തായതിനു പിന്നാലെ 2006 ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുങ്ങി 2010 ൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ 2013 ജൂലൈയിൽ മുംബൈ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനുപിന്നാലെ സർവീസിൽ തിരികെ പ്രവേശിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രദീപ് ശർമ.

ഗുണ്ടാത്തലവൻമാരും അധോലോക സംഘാംഗങ്ങളുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശർമ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്‌നമായിരുന്നു. ഏറ്റുമുട്ടി കീഴ്‌പ്പെടുത്തൽ എളുമല്ലെന്നു കണ്ടെത്തിയ അധോലോക സംഘം, ഇതേത്തുടർന്ന് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള നീക്കം നടത്തി. ഈ നീക്കത്തിൽ അദ്ദേഹം കുടുങ്ങിയെന്നായിരുന്നു പൊലീസ് വിലയിരുത്തൽ.

അധോലോകത്തിന്റെ ‘അന്തകൻ’ പ്രദീപിന്റെ തോക്കിൽ ഇരകൾ 113

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ൽ ദാദറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ വെടിവച്ചു വീഴ്‌ത്തിയത് പ്രദീപ് ശർമയാണ്. സുഭാഷ് താക്കൂർ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ൽ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജൻ സംഘത്തിലെ വിനോദ് മത്‌കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. ‘ടൈം മാഗസിനി’ൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യം സിദ്ധിച്ച അപൂർവം പൊലീസ് ഓഫിസർമാരിൽ ഒരാളാണു പ്രദീപ്. ഇരകളുടെ എണ്ണത്തിൽ ശർമയ്‌ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോർഡുമായി എസ്ഐ ദയാ നായ്‌ക്കുണ്ട്. ഇൻസ്‌പെക്‌ടർ പ്രഫുൽ ഭോസ്‌ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കർ 40 പേരെയും വകവരുത്തിയിട്ടുണ്ട്.