Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാഥിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

Actor Sreenath നടൻ ശ്രീനാഥിന്റെ ഭാര്യ ലത ശ്രീനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതി കൈമാറുന്നു

കൊച്ചി ∙ നടൻ ശ്രീനാഥിന്റെ മരണം സംബന്ധിച്ച കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസിയോ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നും ശ്രീനാഥ് കൈഞരമ്പ് മുറിക്കില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വേണ്ട നടപടികൾ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കേസിൽ തുടരന്വേഷണത്തിനോ പുനരന്വേഷണത്തിനോ നിർദേശമൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

മോഹൻലാൽ നായകനായ ശിക്കാർ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കേ 2010 ഏപ്രിൽ 23 നാണു നടൻ ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ചു കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. വലതുകയ്യിൽ ബ്ലേഡ് പിടിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

ഏപ്രിൽ 22നു സെറ്റിൽ എത്തിയപ്പോൾ, അടുത്ത സീൻ 30 നേ ഉള്ളൂവെന്നു പറഞ്ഞു ചിത്രത്തിന്റെ അണിയറക്കാർ ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടൽ മുറിയൊഴിയാനും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നുവെന്നാണു സിനിമയുടെ അണിയറക്കാർ പൊലീസിനോടു വിശദീകരിച്ചത്. ഹോട്ടൽ മുറിയിലേക്കു മടങ്ങിയ ശ്രീനാഥിനെ പിറ്റേന്നു രാവിലെയാണു മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു.

related stories