Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപി വധക്കേസിൽ പ്രതികളെ തുണച്ച ‘അലിബി’, ദിലീപിനും രക്ഷയാകുമോ?

dileep

തിരുവനന്തപുരം ∙ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖന്റെ വധവുമായി ബന്ധപ്പെട്ട വിചാരണ കോടതിയില്‍ നടക്കുന്നു. പ്രതികള്‍ക്കായി ഹാജരായ വക്കീല്‍ സംഘത്തെ നയിക്കുന്നത് അഭിഭാഷകന്‍ ബി.രാമന്‍പിള്ള. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി ഹാജരാകുന്ന അതേ അഭിഭാഷകന്‍. സിപിഎം നേതാവ് പി.മോഹനന്‍ അടക്കമുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഇറക്കിയ തുറുപ്പ് ചീട്ട് ഓര്‍ക്കാട്ടേരി പൂക്കടയിലെ ഗൂഢാലോചനയായിരുന്നു. 

ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ 14ാംപ്രതി പി.മോഹനനും കൂട്ടുപ്രതികളായ സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും കെ.സി.രാമചന്ദ്രനും ചേര്‍ന്ന് 30–ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ 2012 ഏപ്രില്‍ രണ്ടിനു ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ പ്രതികളുണ്ടായിരുന്നെന്നു സ്ഥാപിക്കാന്‍ മൊബൈല്‍ രേഖകളും ഗൂഢാലോചന നടക്കുന്നതു കണ്ടെന്ന പേരില്‍ ഒരു സാക്ഷിയേയും പ്രോസിക്യൂഷന്‍ ഹാജരാക്കി. ടിപിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കിയതായി വെള്ളികുളങ്ങര പാല്‍ സൊസൈറ്റിയില്‍ പ്ലാന്റ് ഓപ്പറേറ്ററായ 126–ാം സാക്ഷി സുരേഷ് ബാബു കോടതിയില്‍ മൊഴി നല്‍കി.

രാമന്‍പിള്ള തന്റെ വാദങ്ങളുമായി എണീറ്റു. കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷനു കീഴില്‍ എന്റെ കക്ഷികള്‍ വന്നാല്‍ അവര്‍ എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും? - രാമന്‍ പിള്ള ചോദിച്ചു. പിന്നീട് അദ്ദേഹം അനുബന്ധമായി ചില കാര്യങ്ങള്‍ വിവരിച്ചു. കോഴിക്കോടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ദീപശിഖാ പ്രയാണങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. പൂക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദീപശിഖാപ്രയാണം നടന്ന ദിവസമാണു ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. എന്റെ കക്ഷികള്‍ പൂക്കടയില്‍നിന്ന് അല്‍പം അകലെയുള്ള ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാനെത്തിയതാണ്. അതിനാല്‍ ആ ടവര്‍ ലൊക്കേഷനു കീഴിലെത്തി. ഇതിലെന്താണു പ്രശ്‌നം? - രാമന്‍പിള്ള ചോദിച്ചു. 

ചടങ്ങില്‍ പി. മോഹനന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. കണ്ണൂക്കര ഗീത സ്റ്റുഡിയോ ഉടമ പി.എം. ഭാസ്‌കരന്‍ എടുത്ത ഫോട്ടോകള്‍ കോടതിയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ പ്രധാനമായിരുന്നു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് പി.മോഹനനു ദീപശിഖ കൈമാറുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വാച്ചിലെ സമയം. വാച്ചിലെ സമയം 3.35. പൂക്കടയില്‍ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സമയത്തോട് അടുത്ത സമയത്താണു ചിത്രം എടുത്തിരിക്കുന്നത്. ആ സമയത്ത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ എങ്ങനെ ഗൂഢാലോചനയില്‍ പങ്കെടുക്കും? - രാമന്‍പിള്ള വാദിച്ചു. പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും ഒറ്റയടിക്ക് തകര്‍ന്നുവീണു. വാദങ്ങള്‍ക്കൊടുവില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ അംഗീകരിക്കാതെ കോടതി നിക്ഷ്പക്ഷത പാലിച്ചു. പല സിപിഎം നേതാക്കളെയും കേസില്‍നിന്ന് രക്ഷിച്ചത് ഈ വാദമാണെന്നു നിയമവിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. കെ.സി. രാമചന്ദ്രനെ മാത്രമാണു കോടതി ശിക്ഷിച്ചത്. ദിലീപ് കേസിലും സമാനമായി ചില വസ്തുതകളുണ്ട്.

ക്രിമിനല്‍ കേസുകളില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രയാസമാണ്. തെളിവുകള്‍ ഉണ്ടാകാറില്ലെന്നതാണു കാരണം. അങ്ങനെ വരുമ്പോള്‍ ടവർ ലൊക്കേഷന്‍ അടക്കമുള്ള ആധുനികമാര്‍ഗങ്ങളാകും പൊലീസും പ്രോസിക്യൂഷനും സ്വീകരിക്കുക. പ്രതി ആ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുമ്പോള്‍, തന്റെ കക്ഷി ആ സമയം മറ്റൊരിടത്തായിരുന്നു എന്നു തെളിയിക്കാനാകും പ്രതിഭാഗം ശ്രമിക്കുക. നിയമരംഗത്ത് ‘അലിബി’ എന്നാണ് ഈ രക്ഷാമാര്‍ഗം അറിയപ്പെടുന്നത്.

ദിലീപ് കേസ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ജാമ്യ ഹര്‍ജിയില്‍ മൂന്നു കാര്യങ്ങളാണു രാമന്‍പിള്ള പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവര്‍ ലൊക്കേഷനു കീഴില്‍വന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയില്‍ പങ്കാളിയാകും. നടന്‍ ദിലീപിന്റെ നമ്പര്‍ തേടിയാണ് സുനി വിഷ്ണുവെന്ന പ്രതിയെ സംവിധായകന്‍ നാദിര്‍ഷായുടേയും ദിലീപിന്റ ഡ്രൈവര്‍ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷന്‍ കൊടുക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍പോലും അറിയാതെയാണോ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത്. ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് നടന്‍ ദിലീപ് ആ ടവര്‍ ലൊക്കേനു കീഴിലുള്ള മറ്റെവിടെയെങ്കിലും ആയിരുന്നുവെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിഞ്ഞാല്‍ കേസ് മറ്റൊരു വഴിത്തിരിവിലെത്തും. സാക്ഷികള്‍ കൂറുമാറാനും സാധ്യതകളുണ്ട്.

ഇതെല്ലാം അസംഭവ്യമാണെന്നു പറയാന്‍ വരട്ടെ. രാമന്‍പിള്ളയുടെ വാദത്തിന്റെ മൂര്‍ച്ചയറിയാന്‍ ഒരു സംഭവം കൂടി. ടിപി കേസില്‍ വാദം നടക്കുന്നു. ടിപിയെ വധിച്ചശേഷം പ്രതികളിലൊരാളായ കിര്‍മാണി മനോജിന്റെ വീട്ടിലെ വാഷിങ് മെഷീനില്‍ പ്രതികള്‍ ചോരപുരണ്ട വസ്ത്രങ്ങള്‍ കഴുകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. വാഷിങ്‌മെഷീന്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ചോരയുടെ അംശം സ്ഥിരീകരിച്ചു. ആരുടെ ചോരയാണെന്നു കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിയേയോ മറ്റു മൃഗങ്ങളേയോ കൊല്ലുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വാഷിങ് മെഷീനില്‍ കഴുകിയാലും രക്തക്കറ വരില്ലേ? ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വസ്ത്രം കഴുകിയാലും രക്തത്തിന്റെ അംശം വരില്ലേ? - രാമന്‍പിള്ള ചോദിച്ചു. വരാം എന്നായിരുന്നു ഫൊറന്‍സിക് വിദഗ്ധരുടെ മറുപടി. അതോടെ ആ തെളിവുകളും തകര്‍ന്നു വീണു.

related stories